മത്ര: 22 വര്‍ഷം പഴക്കമുള്ള ചേതക്ക് ബൈക്കുമായി സാഹസിക, വിനോദ, ബോധവത്കരണ യാത്ര നടത്തുന്ന ബിലാലും അഫ്സലും ഒമാനിലുമെത്തി. കെ.എല്‍ 14/3410 എന്ന കേരള രജിസ്ട്രേഷൻ ചേതക്ക് ബൈക്കിലാണ് കാസർകോട് നായന്മാർമൂല സ്വദേശികളായ ഇരുവരും നാടുചുറ്റുന്നത്. ദുബൈയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷമാണ് ഒമാനിലെത്തിയത്. സുൽത്താനേറ്റിന്റെ ചരിത്രമുറങ്ങുന്ന ദേശങ്ങളൊക്കെ കണ്ട് ദുബൈയിലേക്കുതന്നെ മടങ്ങി പിന്നീട് ഖത്തറിലേക്ക് തിരിക്കാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്. നാലുമാസം കൊണ്ട് ഇതേ ബൈക്കില്‍ തന്നെയാണിവര്‍ ഇന്ത്യയെ കണ്ടെത്തിയത്. ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളില്‍ എണ്ണായിരം കിലോമീറ്റര്‍ കറങ്ങിയശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിയത്.
ആദ്യം ദുബൈയിലേക്കായിരുന്നു യാത്ര. റോഡ് മാര്‍ഗം വരാനായിരുന്നു പദ്ധതി. എന്നാൽ, അഫ്ഗാന് അതിര്‍ത്തിപ്രദേശം കടന്നുവരാനുള്ള പ്രയാസം കാരണം ബൈക്ക് ദുബൈയിലേക്ക് കപ്പലിൽ എത്തിക്കുകയായിരുന്നു. നിശ്ചയ ദാർഢ്യവും വീട്ടുകാരുടെ പിന്തുണയുമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന് ഇരുവരും പറയുന്നു. യുവാക്കള്‍ മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരികള്‍ക്ക് അടിമകളായി ജീവിതം തുലച്ചുകളയുമ്പോള്‍ അതിനെതിരെയുള്ള ബോധവത്കരണം കൂടിയാണ് 22വയസ്സുകാരായ ഈ യുവാക്കളുടെ സഞ്ചാരം. അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ബൈക്കില്‍ സജ്ജീകരിച്ചാണ് യാത്ര ചെയ്യുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണികളൊക്കെ സ്വയം ചെയ്യും. ദീര്‍ഘയാത്രക്കിടയില്‍ സംഭവിക്കാവുന്ന തേയ്മാനങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ കരുതിയിട്ടുമുണ്ട്. ഇന്ത്യയിലെ ദീര്‍ഘയാത്രക്കിടയില്‍ സ്നേഹോഷ്മളമായ സ്വീകരണങ്ങളാണ് എല്ലായിടങ്ങളിലും ലഭിച്ചത്. ഉത്തരേന്ത്യന്‍ യാത്രകളില്‍ സോഷ്യൽ മീഡിയകളില്‍ കാണുംപോലുള്ള അവസ്ഥകളൊന്നും നേരിടേണ്ടിവന്നിട്ടില്ല.
പഞ്ചാബില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ദാബയില്വെച്ച് ഇടക്ക് ബൈക്ക് കളവുപോയതാണ് ആകെയുണ്ടായ ഒരു ദുരനുഭവം. പൊലീസില്‍ പരാതിപ്പെട്ട് താമസിയാതെ അത് ലഭിക്കുകയും ചെയ്തു. പ്ലസ്ടു വിദ്യാഭ്യാസമുള്ള ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള വ്യത്യസ്തമായ യാത്രകള്‍ പണ്ടു തൊട്ടേ മനസ്സിലുള്ള ആഗ്രഹമായിരുന്നു. ഇരുവരും ചേര്‍ന്നുള്ള യുട്യൂബ് ചാനലില്‍നിന്നും ലഭിച്ച വരുമാനം കൊണ്ടാണ് യാത്ര പ്ലാന്‍ ചെയ്തത്. ചുരുങ്ങിയ ചെലവിലാണ് യാത്ര. പെട്രോള്‍ പമ്പുകളില്‍ ടെന്റ് കെട്ടിയാണ് താമസിക്കാറുള്ളത്.ഗള്‍ഫിലെ ഇപ്പോഴത്തെ കൊടുംചൂട് അസഹ്യമാണെങ്കിലും ആറുമാസം കൊണ്ട് മിഡിലീസ്റ്റിലെ മിക്ക രാജ്യങ്ങളും യാത്രചെയ്തു മാത്രമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഒരു വര്‍ഷത്തേക്കുള്ള ട്രാവല്‍ പെര്‍മിറ്റ് നേടിയാണ് യാത്ര തുടങ്ങിയത്. സൗകര്യപ്പെട്ടാല്‍ സലാലയിലും പോകാനുള്ള ഇരുവർക്കും പദ്ധതിയുണ്ട്. മത്ര സൂഖിൽ അഫ്സലിനും ബിലാലിനും ഒമാൻ കാസ്രോട്ടാർ കൂട്ടായ്മ സ്നേഹോഷ്മള വരവേൽപ് നൽകി. ചടങ്ങിൽ നവാസ് ചെങ്കള, അഷ്റഫ് പാലസ് എന്നിവർ ഷാളണിയിച്ച് സ്വീകരിച്ചു. ഒമാൻ കാസ്രോട്ടാർ കൂട്ടായ്മ ഭാരവാഹികളായ റഫീഖ് എർമാളം, ഫവാസ് ആനബാഗിൽ, അസ്ലം എരിയാൽ, അബ്ദുല്ല കമ്പാർ, ഹംസ കമ്പാർ, ബയിസ് തളങ്കര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.