മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠ പുസ്തക വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഉയർന്ന ക്ലാസുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം ഗൗരവകരമാണെന്നും അടിയന്തര പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.
മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിൽ മാസത്തിലും രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകിയിരുന്നു.
കഴിഞ്ഞ അധ്യയന വർഷം മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കേന്ദ്രീകൃത ബുക്ക് പർച്ചേസ് സംവിധാനം സ്കൂൾ ഡയറക്ടർ ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലേക്കുമുള്ള ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്നതിനായി ഒരു ഏജൻസിയെ ഏൽപ്പിച്ചിരുന്നു.
പുതിയ പരിഷ്കാരത്തിലെ അപാകതയും പ്രായോഗിക പ്രശ്നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ പല തവണ അറിയിച്ചിരുന്നതാണ്. എന്നാൽ, രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് ബോർഡ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
ക്ലാസുകൾ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. വിഷയം വീണ്ടും തങ്ങളുടെ മുമ്പിൽ എത്തിച്ചതിൽ രക്ഷിതാക്കൾക്ക് നന്ദി പറഞ്ഞ അംബാസഡർ പാഠപുസ്തകങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും ഉറപ്പു നൽകി.
അംബാസഡറുമായുള്ള ചർച്ചയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രക്ഷിതാക്കളുടെ സംഘം വേഗത്തിൽ പ്രശ്ന പരിഹാരം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ഒമാനിലെ സ്കൂൾ വിദ്യാഭ്യാസ രംഗം നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ തങ്ങളുടെ സജീവ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ സോന ശശികുമാർ, കല പുരുഷൻ, പ്രജീഷ സജേഷ്, അനു ചന്ദ്രൻ, ശശികുമാർ, മിഥുൻ മോഹൻ, സന്ദീപ്, ബിബിൻ, സുബിൻ, ജാൻസ് അലക്സ്, അഭിലാഷ്, നവീൻ, ദിനേഷ് ബാബു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.