മസ്കത്ത്: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്കവാറും സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി കുട്ടികൾ 90 ശതമാനത്തിന് മുകളിലും മാർക്ക് സ്വന്തമാക്കി. നല്ലൊരു ശതമാനം കുട്ടികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വിജയം സംബന്ധമായ അന്തിമ ചിത്രങ്ങൾ ലഭ്യമായിട്ടില്ല.
പരീക്ഷ ഫലം നേരത്തെ പുറത്തു വന്നത് കേരളത്തിൽ തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്നതായി. 12ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാകും ഉപരിപഠനം നടത്തുക. ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്. ഒമാനിൽ ഉപരിപഠനം ചിലവേറിയതിനാലും സൗകര്യങ്ങൾ കുറവായതിനാലുമാണ് വിദ്യാർഥികൾ നാട്ടിലേക്ക് നീങ്ങുന്നത്. ഫലം നേരത്തെ പ്രഖ്യാപിച്ചത് കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഗുണം ചെയ്യും. മുൻ വർഷങ്ങളൊക്കെ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷക്കായി തീയതി നൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഗുണം ചെയ്യാറില്ല. ഇഷ്ട്രപ്പെട്ട സ്കൂളുകളും സ്ട്രീമുകളും കിട്ടില്ല എന്നുതന്നെയാണ് ഇതിനുള്ള കാരണം. പലരും പിന്നീട് നല്ല ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളേയും മറ്റും ആശ്രയിക്കുകയാണ് ചെയ്യാറ്. ഏതായാലും പരീക്ഷാ ഫലം വന്നതോടെ തുടർ വിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
ഈ വർഷം 10ാം ക്ലാസിൽ ആകെ 93.60 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം. ഈ വര്‍ഷം 0.48 ശതമാനം വര്‍ധനയുണ്ട്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടന്നത് പെൺകുട്ടികളാണ് പരീക്ഷയിൽ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. ബോർഡ് പരീക്ഷയിൽ 2.04 ശതമാനം പോയന്റോടെ ആൺകുട്ടികളെ പിന്തള്ളി പെൺകുട്ടികൾ 94.75 ശതമാനം വിജയം നേടി. 92.71 ആണ് ആൺകുട്ടികളുടെ വിജയശതമാനം.
12ാം ക്ലാസ് പരീക്ഷയിൽ ആകെ 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാർ വിജയശതമാനം കൂടുതലാണ്. പരീക്ഷയെഴുതിയ 24,000 ത്തിലേറെ വിദ്യാർഥികൾ 95ശതമാനത്തിലേറെ മാർക്ക് നേടി. ഒന്നര ലക്ഷം വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.