മസ്കത്ത്: സി.ബി.എസ്.ഇ പ്രഖ്യാപിച്ച 30+30+40 പരീക്ഷഫല മാനദണ്ഡം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തുടർപഠനത്തിന് ചേരാൻ തടസ്സമാകുമെന്ന് കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നു. കേന്ദ്രീകൃത രീതിയിൽ നടന്ന ഏക പരീക്ഷയായ പത്താംക്ലാസ് പരീക്ഷഫലം മാർക്കിടൽ രീതിയിൽ ഉൾപ്പെടുത്തിയതിനെ രക്ഷിതാക്കൾ പിന്തുണക്കുന്നുണ്ടെങ്കിലും 12 ാം ക്ലാസിലെ അനുപാതം വർധിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
പുതുതായി പ്രഖ്യാപിച്ച അനുപാതത്തിൽ കുട്ടികൾക്ക് മാർക്ക് നൽകുകയാണെങ്കിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോളജ് വിദ്യാഭ്യാസ മേഖലയിൽനിന്ന് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ പുറന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കപ്പെടുന്നത്. പുതിയ മാനദണ്ഡത്തിൽ മാർക്ക് കുറയാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്നത്.
പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ സി.ബി.എസ്.ഇ പ്രഖ്യാപിച്ച പരീക്ഷഫല രീതി ഏറക്കുറെ കുറ്റമറ്റതാണെന്ന് ഇന്ത്യൻ സ്കൂൾ അധ്യാപകൻ വിലയിരുത്തി. എന്നാൽ ഇത് നടപ്പാക്കാൻ ഏറെ സങ്കീർണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നിലവിലെ രീതിയനുസരിച്ച് പരീക്ഷ ഫലത്തിന് കൃത്യതയും ഉറപ്പാക്കാൻ കഴിയില്ല. പൊതുവെ കുട്ടികൾ പബ്ലിക്ക് പരീക്ഷക്കു വേണ്ടിയാണ് അരയും തലയും മുറുക്കി ഒരുങ്ങുന്നത്. സ്കൂൾ പരീക്ഷകളും മോഡൽ പരീക്ഷകളും കുട്ടികൾ കാര്യമായി പരിഗണിക്കാറില്ല. അതിനാൽ നിലവിലെ അനുപാതത്തിലെ രീതിയിൽ കുട്ടികൾക്ക് മാർക്ക് കുറയാൻ സാധ്യതയുണ്ട്.
ഇതിെൻറ യഥാർഥ പ്രശ്നങ്ങൾ പരീക്ഷ ഫലം പുറത്തുവന്ന ശേഷം മാത്രമാണ് വിലയിരുത്തുവാൻ കഴിയുകയുള്ളൂ. പോരായ്മകൾ നികത്തുവാൻ േമാഡറേഷൻ അടക്കമുള്ളവ നൽകി കുട്ടികളുടെ മാർക്കുനില ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ പരീക്ഷ ഫല രീതി കുട്ടികളിൽ വലിയ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നതായി മസ്കത്ത് ഇന്ത്യൻ സ്കൂളിലെ 12ാം ക്ലാസ് വിദ്യർഥിയുടെ രക്ഷിതാവായ പനൂർ സ്വദേശി സലീം പറഞ്ഞു.തെൻറ മകന് 10, 11 ക്ലാസുകളിൽ മോശമില്ലാത്ത മാർക്കുണ്ടായിരുന്നു. എന്നാൽ 12ാം ക്ലാസിൽ പൊതുവെ മാർക്ക് കുറവായിരുന്നു. 12ാം ക്ലാസ് പൊതുപരീക്ഷക്കുവേണ്ടി നന്നായി പഠിക്കാമെന്ന നിലപാടായിരുന്നു അവന്. 12ാം ക്ലാസിൽ ഉയർന്ന മാർക്ക് നേടണമെന്ന വാശിയിൽ അവനും കൂട്ടുകാരും നന്നായി പഠിക്കുകയായിരുന്നു.
മസ്കത്ത് ഇന്ത്യൻ സ്കൂൾ അധ്യാപകർ കുട്ടികൾക്ക് സ്റ്റഡി ലീവ് കാലത്തും നല്ല കോച്ചിങ് നൽകിയതും അനുഗ്രഹമായിരുന്നു. എന്നാൽ പരീക്ഷ നടത്താതിരിക്കാനുള്ള തീരുമാനം കുട്ടികളെ നിരാശപ്പെടുത്തി. സി.ബി.എസ്.ഇ പ്രഖ്യാപിച്ച 30+30+ 40 രീതി നന്നായി പഠിക്കുന്ന കുട്ടികൾക്ക് അനുഗ്രഹമായേക്കാം. എന്നാൽ ബഹുഭൂരിഭാഗം വരുന്ന ഇടത്തരം കുട്ടികൾക്ക് മാർക്ക് കുറയാൻ ഇത് കാരണമാവും. അതിനാൽ സ്കൂൾതലത്തിൽ പ്രധാന വിഷയങ്ങൾക്കെങ്കിലും ഫൈനൽ പരീക്ഷ നടത്തി 12 ാം ക്ലാസ് പരീക്ഷ ഫലത്തിന് ഈ മാർക്കുകൾ അടിസ്ഥാനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒമാനിൽനിന്ന് പ്ലസ് ടു കഴിഞ്ഞ വലിയ വിഭാഗം കുട്ടികൾ കേരളത്തിലേക്കാണ് തിരിച്ചുപോകുന്നത്. ഇൗ കുട്ടികൾക്ക് പ്ലസ് ടുവിന് മാർക്ക് കുറയുന്നത് വലിയ പ്രതിസന്ധിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.