മസ്കത്ത്: സ്വദേശികൾക്കുള്ള വൈദ്യുതി സബ്സിഡി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സമഗ്രമായി പുനർനിർണയിച്ചതായി പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉയർന്ന വൈദ്യുതി ബില്ലുകൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ഏഴായിരത്തോളം പരാതികൾ ലഭിച്ചതായും പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി ചെയർമാൻ ഡോ. മൻസൂർ അൽ ഹിനായി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സബ്സിഡി അർഹരായവർക്ക് ചുരുക്കുന്നതിനുള്ള ഇടക്കാല സാമ്പത്തിക ഉത്തേജന പദ്ധതിയിലെ കാഴ്ചപ്പാടിന് അനുസരിച്ചാണ് നവീകരണം വരുത്തിയിട്ടുള്ളത്. സമൂഹത്തിന് മൊത്തം ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും കണക്കിലെടുത്തിട്ടുണ്ടെന്ന് ഡോ. മൻസൂർ അൽ ഹിനായി പറഞ്ഞു.
പൗരന്മാരുടെ ആദ്യ രണ്ട് അക്കൗണ്ടുകളിൽ വിവിധ വിഭാഗങ്ങളിലായി ഉപയോഗിക്കാവുന്ന വൈദ്യുതിയുടെ അളവ് വർധിപ്പിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ പൂജ്യം കിലോവാട്ട് മുതൽ 4000 കിലോവാട്ട് വരെയായിരിക്കും ഉപഭോഗപരിധി. 4001 മുതൽ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർ രണ്ടാമത്തെ വിഭാഗത്തിലും 6000 കിലോവാട്ടിന് മുകളിൽ ഉപയോഗിക്കുന്നവർ മൂന്നാമത്തെ വിഭാഗത്തിലുമായിരിക്കും ഉൾപ്പെടുക. ആദ്യ വിഭാഗത്തിൽ 12 ബൈസയും രണ്ടാമത്തേതിൽ 16 ബൈസയും മൂന്നാമത്തേതിൽ 27 ബൈസയുമാകും നിരക്ക്. ഈ വർഷം വേനൽക്കാലത്ത് വൈദ്യുതിനിരക്ക് വർധിപ്പിക്കില്ല.
പുതുതായി അംഗീകരിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മേയ്, ജൂൺ മാസങ്ങളിലെ വൈദ്യുതിബിൽ പുനർനിർണയിക്കുകയും ചെയ്യും. ബില്ലിൽ വർധന ഉണ്ടെങ്കിൽ അടുത്ത മാസങ്ങളിൽ ആ തുക കുറവ് ചെയ്തുനൽകും. വേനലിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന സാഹചര്യം ഒഴിവാക്കാനും വിതരണ കമ്പനികൾക്ക് നിർദേശം നൽകി.
നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ, കൃഷി തുടങ്ങിയവയുടെ താരിഫ് പുനർനിർണയം നടന്നുവരുകയാണെന്നും പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി അറിയിച്ചു. വൈദ്യുതി മേഖലയിലെ ബില്ലിങ് അടക്കം വിഷയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പുനഃക്രമീകരണം നടത്തുമെന്ന് അതോറിറ്റി അറിയിച്ചു. രണ്ടിരട്ടിയും മൂന്നിരട്ടിയും വൈദ്യുതി ബിൽ ലഭിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി വാർത്തസമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.