മസ്കത്ത്: ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ താമസ വിസയിലേക്ക് മാറണമെങ്കിൽ രാജ്യത്തിനു പുറത്ത് പോകണമെന്ന നിയമം അതിർത്തിയിൽ തിരക്ക് വർധിക്കാൻ കാരണമാക്കും. ഇങ്ങനെ വിസ മാറുന്നവർ ഒമാനുമായി ഏറ്റവും അടുത്ത് നിൽക്കുന്ന യു.എ.ഇയിൽ പോയി തിരിച്ചുവരാനാണ് ശ്രമിക്കുക. വിസ മാറാൻ നാട്ടിലും മറ്റും പോകുന്നത് ചെലവ് വർധിപ്പിക്കുന്നതിനാൽ പലരും യു.എ.ഇ അതിർത്തി കടന്ന് തിരിച്ചുവരാനാണ് ശ്രമിക്കുക.
നിലവിൽ യു.എ.ഇ വിസ മാറുന്നവർ ഒമാനിൽ വന്ന് തിരിച്ച് പോവുകയാണ് ചെയ്യുന്നത്. ഇതുകാരണം ഒമാൻ-യു.എ.ഇ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തേ ഒരു കമ്പനിയുടെ സ്വകാര്യ ബസ് മാത്രമാണ് സർവിസ് നടത്തിയിരുന്നത്. ഇതിനാൽ നാലും അഞ്ചു ദിവസം കഴിഞ്ഞ് മാത്രമാണ് ടിക്കറ്റ് ലഭിച്ചിരുന്നത്. യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, മുവാസലാത്ത് യു.എ.ഇയിലേക്ക് സർവിസ് ആരംഭിച്ചതോടെ തിരക്കിൽ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ, പുതിയ വിസനിയമം നിലവിൽവന്നതോടെ തിരക്ക് ഇനിയും വർധിക്കും. ഇതോടെ ടിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കാലതാമസം വർധിക്കുകയും ചെയ്യും. ഇതോടെ പലർക്കും വിമാനംവഴി പുറത്തുപോകേണ്ടിവരും. നിലവിൽ അസൈബ ബസ് സ്റ്റേഷനിൽ നിന്നാണ് മുവാസലാത്തിന്റെ യു.എ.ഇ സർവിസ് ആരംഭിക്കുന്നത്. ഇത് റൂവിയിൽനിന്നാരംഭിക്കുകയോ അല്ലെങ്കിൽ കടന്ന് പോവുകയോ ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യു.എ.ഇവിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിയമം നിലവിൽ വന്നപ്പോൾ യാത്രക്കാർക്ക് സഹായം ചെയ്യാൻ നിരവധി ഏജൻസികൾ രംഗത്തെത്തിയിരുന്നു.
ഒമാൻ വിസ മാറാൻ അയൽ രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യമൊരുക്കാൻ ഒമാനിലും ഇത്തരം ഏജൻസികൾ രംഗത്തുവരും.
വിസിറ്റ് മാറാൻ പുറത്തുപോകേണ്ടിവരുന്നത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് ഒമാനിൽ വിസിറ്റ് വിസയിലെത്തി വീട്ടു ജോലിക്കായി വിസയിലേക്ക് മാറുന്നവരാണ്.
ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് വീട്ട് ജോലി വിസയിലെത്തുന്നവർക്ക് ഇ മൈഗ്രേറ്റ് ഫോറം പൂരിപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇത് മറികടക്കാൻ വിസിറ്റ് വിസയിലെത്തി വീട്ടുവേലക്കാരി വിസയിലേക്ക് മാറുക എന്ന കുറുക്കുവഴിയാണ് പലരും സ്വീകരിക്കുന്നത്. നിയമം നിലവിൽവരുന്നതോടെ വിസിറ്റ് വിസയിലെത്തി വിസ മാറാൻ പുറത്തുപോകുന്ന വീട്ടുവേലക്കാർ ഇ- മൈഗ്രേറ്റ് ഫോറം അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും.
കഴിഞ്ഞദിവസമാണ് ഒമാനിൽ വിസ നടപടിക്രമങ്ങളിൽ ചില മാറ്റങ്ങൾ അധികൃതർ വരുത്തിയത്. വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഒമാനിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ കഴിയില്ലെന്നാണ് റോയൽ ഒമാൻ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തു നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരും. താൽക്കാലികമായാണ് ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശിലുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.