മസ്കത്ത്: ഒന്നുമുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. കുട്ടികൾ ഭാരമുള്ള സ്കൂൾ ബാഗുകൾ ചുമക്കുന്നതിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പഠനത്തിൽ വ്യക്തമായിരുന്നു.
നട്ടെല്ലിനടക്കം ക്ഷതമുണ്ടാവാനും കുട്ടികൾ വീഴാനും സാധ്യത കൂടുതലാണ്. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. സ്കൂൾ ബാഗുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
മാർക്കറ്റിൽ ലഭിക്കുന്ന സ്കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതും കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തുമാണ്. പുസ്തകം പഠനോപകരണങ്ങൾ എന്നിവക്കൊപ്പം പുസ്കതത്തിന്റെ ഭാരം കൂടിയാവുമ്പോൾ കുട്ടികളുടെ പ്രയാസം വർധിക്കുന്നു.
അതിനാൽ, കുട്ടികൾ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ബാഗുകൾ നിർമിക്കുന്നത് നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ടാവണമെന്നും ഭാരം കുറഞ്ഞവയായിരിക്കണമെന്നും നിർദേശത്തിലുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ വരാൻ പാടില്ല.
സ്കൂൾ ബാഗിലെ ചുമലിലിടുന്ന വള്ളികൾ വീതി കൂടിയതും മൃദുലാമായതുമായിരിക്കണം. ഇത് കുട്ടിയുടെ ശരീര പ്രകൃതിക്കനുസരിച്ച് ചെറുതാക്കാനും കഴിയുന്നതാകണം. പുസ്തക സഞ്ചിയുടെ പല ഭാഗങ്ങളിലായി നിരവധി പോക്കറ്റുകൾ ഉണ്ടാകണം. ബാഗ് ശരീരത്തിൽ ഒതുങ്ങി നിൽക്കുന്നതാകണം.
ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗ് ഭാരം കുറക്കാനായി ചില നിർദേശങ്ങളും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. ഈ ക്ലാസിലെ കുട്ടികൾ 80 ഷീറ്റുള്ള രണ്ട് നോട്ട് പുസ്തകങ്ങൾ മാത്രമെ ഉപയോഗിക്കാവൂ. മന്ത്രാലയം നൽകുന്ന പുസ്തകങ്ങൾക്ക് പുറത്ത് ബൈൻഡ് ചെയ്യാനും മറ്റും പാടില്ല.
എല്ലാ ദിവസവും കുട്ടികൾ സ്കൂളിൽ പുസ്തകങ്ങൾ കൊണ്ടു വരുന്നതിന് പകരം സ്കൂളിൽ കുട്ടികൾക്ക് ലോക്കറുകൾ അനുവദിക്കും. അധ്യാപകർ പരസ്പരം സഹകരിച്ച് ഗൃഹപാഠങ്ങൾ നൽകുകയും ഇലക്ട്രോണിക് പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുകയും വേണം. കുട്ടികൾ സ്കൂൾ ടൈം ടേബിളുകൾ അനുസരിച്ചാണ് പുസ്തകങ്ങൾ കൊണ്ട് പോകുന്നതെന്ന് ഉറപ്പ് വരുത്തുകയും അനാവശ്യ പുസ്തകങ്ങൾ കൊണ്ട് പോകുന്നത് തടയുകയും വേണം.
ബസ് കാത്തിരിക്കുമ്പോൾ കുട്ടികൾ ബാഗ് തറയിൽ വെക്കുകയും സ്കൂൾ അസംബ്ലി സമയത്ത് ബാഗ് ക്ലാസ് മുറിയിൽ വെക്കുകയും വേണമെന്ന് മന്ത്രാലയം നിർദേശിക്കുന്നുണ്ട്. കുട്ടികളുടെ ഭക്ഷണപാത്രങ്ങൾ പുസ്തക ബാഗിൽ വെക്കാതെ പ്രത്യേകം കൊണ്ട് പോവണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.