മസ്കത്ത്: സമാധാനത്തിന്റെ സന്ദേശം പകർന്ന് ക്രിസ്തുമത വിശ്വാസികളിന്ന് ക്രിസ്മസ് ആഘോഷിക്കും. ഫലസ്തീൻ- ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ഒമാനിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പൊലിമ കുറച്ചാണ് ആഘോഷങ്ങൾ.
ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു. പ്രത്യേക ശശ്രൂഷ നാട്ടിൽ നിന്നെത്തിയ തിരുമേനിമാരാണ് കാർമികത്വം വഹിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ സന്ധ്യ നമസ്കാരം നടന്നു. കുരുത്തോലകൾ ജ്വലിപ്പിക്കുന്ന ചടങ്ങായ തീജ്വാല ശുശ്രൂഷയാണ് പിന്നീട് നടന്നത്. ഓശാന പെരുന്നാളിനു വിശ്വാസികൾക്ക് നൽകിയ കുരുത്തോലകൾ ഒമ്പതു മാസം വീട്ടിൽ സൂക്ഷിച്ച ശേഷം പള്ളിയിൽ തിരിച്ചേൽപിക്കുന്ന ചടങ്ങാണ് തീ ജ്വാലാ ശുശ്രൂഷ. വിശുദ്ധ ഖുർബാനയും പള്ളികളിൽ സ്നേഹവിരുന്നും നടന്നിരുന്നു. ക്രിസ്മസിന്റെ ഭാഗമായ വീടു സന്ദർശനം, സമ്മാനങ്ങൾ കൈമാറൽ തുടങ്ങിയ ചടങ്ങുകളിന്നാണ് നടക്കുക. ക്രിസ്മസ് ഗാനം, ടാേബ്ലാ തുടങ്ങിയ കലാപരിപാടികളും കരോളുകളും പള്ളി അങ്കണങ്ങളിൽ നേരത്തെ നടന്നിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി വീടുകളിലും താമസയിടങ്ങളും നക്ഷത്രങ്ങളും വിളക്കുകളുംകൊണ്ടു നേരത്തേ തന്നെ അലങ്കരിച്ചിരുന്നു. ക്രിസ്മസ് ട്രീയും പുൽക്കൂടുകളും ഒരുക്കിയിരുന്നു. സംഘടനകളും കൂട്ടായ്മകളും ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മിഠായികളുമായി ക്രിസ്മസ് അപ്പൂപ്പന്മാരും രംഗത്തുണ്ടാവും. വൈവിധ്യ വിഭവങ്ങൾ നിറയുന്ന നസ്രാണി സദ്യ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്.
സസ്യേതര വിഭവങ്ങളായിരിക്കും മുഖ്യ ഇനങ്ങൾ. നിരവധി ഹോട്ടലുകളിൽ ക്രിസ്മസ് ഭക്ഷ്യവിഭവങ്ങൾ വിളമ്പുന്നുണ്ട്. ചില ഹൈപ്പർമാർക്കറ്റുകളിലും ‘നസ്രാണി സദ്യ’ ലഭിക്കുന്നുണ്ട്.ക്രിസ്മസിന്റെ പ്രധാന ഇനമായ കേക്കുകൾക്ക് വൻ ഡിമാഡാണ് ഈ വർഷം അനുഭവപ്പെടുന്നത്. സമ്മാനമായി നിരവധി പേർ കേക്കുകളാണ് സമ്മാനിക്കുന്നത്. അതിനാൽ വിവിധ രൂപത്തിലും തരത്തിലും രുചിയിലുമുള്ള കേക്കുകൾ മാർക്കറ്റിലെത്തിയിട്ടുണ്ട്. ഒമാനിലെ എല്ലാ ബേക്കറികളും ക്രിസ്മസ് കേക്കുമായി രംഗത്തുണ്ട്. ക്രീം കേക്കുകളടക്കം നിരവധി കേക്കുകൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
ക്രിസ്മസ് ആഘോഷത്തിനു ഹോട്ടലുകളിലും വൻ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഒമാനിലെ എല്ലാ ഹോട്ടലുകളും ക്രിസ്മസ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിനം ഭക്ഷ്യ വിഭവങ്ങളും കരോളടക്കമുള്ള ആഘോഷ പരിപാടികളൊക്കെയടങ്ങുന്നതാണ് പാക്കേജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.