മസ്കത്ത്: ക്രിസ്മസിനെ വരവേൽക്കാൻ രണ്ടു ദിവസം മാത്രം അവശേഷിക്കെ നഗരത്തിലെ ക്രിസ്മസ് വിപണി ഉണർന്നു. നക്ഷത്രങ്ങൾ, കേക്കുകൾ, അലങ്കാരദീപങ്ങൾ എന്നിവക്കു പുറമെ ക്രിസ്മസിന് ആവശ്യമായ വസ്തുക്കളുടെ വിൽപനയും സജീവമായി. എന്നാൽ, വാരാന്ത്യ അവധി ദിനങ്ങളിലാണ് ക്രിസ്മസ് വരുന്നത് എന്നതിനാൽ ഹൈപ്പർ മാർക്കറ്റുകളിൽ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളിലായിരിക്കും തിരക്ക് അനുഭവപ്പെടുക.
കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-ഈസ്റ്റർ കച്ചവടം നഷ്ടമായതിെൻറ ക്ഷീണം ഇത്തവണ ഇല്ലാതായി എന്നാണ് കച്ചവടക്കാർ പ്രത്യേകിച്ച് കേക്ക് വിൽപന നടത്തുന്നവർ പറയുന്നത്. ക്രിസ്മസ് വിൽപനയിൽ മുന്നിട്ടുനിൽക്കുന്നത് കേക്കും നക്ഷത്രവും തന്നെയാണെങ്കിലും ഈ വർഷം നാടൻ പലഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് നഗരത്തിലെ പ്രമുഖ മൊത്തവ്യാപാരിയായ ജോയ് പറയുന്നു. അച്ചപ്പം, കുഴലപ്പം, പക്കുവട, മുറുക്ക് എന്നിവ അന്വേഷിച്ചുവരുന്നവരുടെ എണ്ണം ഈ വർഷം കൂടിയിട്ടുണ്ട്. മാത്രമല്ല, ക്രിസ്മസ് സ്പെഷലായി പ്രത്യേകം ചിപ്സുകളും തയാറാക്കിയിട്ടുണ്ട്.
നക്ഷത്രവിപണിയും ഇക്കുറി സജീവമാണ്. ഫ്ലാറ്റ് സമുച്ചയങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ നക്ഷത്രങ്ങൾ മിഴിതുറന്നു. നഗരത്തിലെ പ്രമുഖ വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ ക്രിസ്മസ് ട്രീകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണത്തെൻറ ഭാഗമായി ആഘോഷപരിപാടികൾ ഒന്നുംതന്നെയില്ല. പള്ളികളിൽ ക്രിസ്മസ് തലേന്നും ക്രിസ്മസിനും പ്രാർഥനകളുണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുൾ നടത്തുക.
റൂവിയിലെ മാർത്തോമാ പള്ളിയിൽ ക്രിസ്മസ് ദിനത്തിൽ രാവിലെ അഞ്ചരക്ക് പ്രാർഥനകൾ ആരംഭിക്കുമെന്ന് ഫാ. സാജൻ പറഞ്ഞു. കോവിഡ് വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ച 120 പേർക്കു മാത്രമായിരിക്കും പ്രാർഥനയിൽ പങ്കെടുക്കാൻ അനുമതി നൽകുക. പള്ളിയിൽ ക്രിസ്മസിനോട് അനുബന്ധിച്ചു നടക്കുന്ന കരോൾ സംഘങ്ങളുടെ പരിപാടി കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ നടന്നിരുന്നു.
രണ്ടാം പാദ അവധിക്കായി നഗരത്തിലെ ഇന്ത്യൻ സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചെങ്കിലും സാധാരണ ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്കു പോകുന്നവർ ഇപ്രാവശ്യം യാത്ര ഒഴിവാക്കിയിരിക്കുകയാണ്. ഒമിക്രോൺ വ്യാപനംമൂലം ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതാണ് പലരും നാട്ടിലേക്കു തിരിക്കാൻ മടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.