മസ്കത്ത്: കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഒമാൻ കടൽ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള മത്തിയും മഞ്ഞ ചൂരയുമാണ് കാലാവസ്ഥ വ്യതിയാനം മുലം കറയുന്നത്.
2020ലെ കാലാവസ്ഥ വ്യതിയാന ദേശീയ നയം റിപ്പോർട്ട് അനുസരിച്ച് ഈ രണ്ടു മത്സ്യങ്ങളും 1991-1997നും ഇടയിൽ ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ 1997 മുതൽ 2003 വരെയുള്ള കലയളവിൽ മത്തിയുടെയും ചുരയുടെയും അളവ് കാര്യമായി കുറഞ്ഞില്ല. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ഈ രണ്ടു മത്സ്യങ്ങളും കുറഞ്ഞു. അമേരിക്കൻ ദേശീയ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് അറബിക്കടലിലെ വെള്ളം കൂടുതൽ ചൂടുള്ളതും ലവണത്വമുള്ളതുമായി മാറിയതയി പറയുന്നു. 1960ൽ കടൽപരപ്പിലെ താപനില വേനൽ കാലത്ത് രണ്ടു ഡിഗ്രി സെൽഷ്യസും കടലിലെ ജലപ്പരപ്പിൽനിന്ന് 300 മീറ്ററിൽ താഴെ ഒരു ഡിഗ്രി സെൽഷ്യസും വർധിച്ചിട്ടുണ്ട്. കടലിലെ ആഴപ്പരപ്പിലെ ലവണത്വം 1960 മുതൽ പത്തു വർഷത്തിൽ ആയിരത്തിന് 0.1 എന്ന അനുപാദത്തിൽ വർധിക്കുന്നുമുണ്ട്. പടിഞ്ഞാറൻ അറബിക്കടലിൽ രാസഘടനയിലും അമ്ലത്വത്തിലും ഓക്സിജന്റെ അളവിലും വലിയ മാറ്റമുണ്ടായി.
അതോടൊപ്പം നൈട്രേറ്റുകളുടെ കുറവും മത്സ്യ ഉൽപാദന മേഖലക്ക് കഴിഞ്ഞ ചില പതിറ്റാണ്ടായി കുറവുണ്ടാവാൻ കാരണമാക്കുന്നു. ഒമാൻ കടൽ സംബന്ധമായ പഠനത്തിൽ കടൽവെള്ളം കൂടുതൽ അമ്ലത്വം ഉള്ളതായും കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നൈട്രേറ്റിന്റെ ഘടകത്വം 30 ശതമാനം കുറഞ്ഞതായും കണ്ടെത്തിയിരുന്നു. 1960കളിൽ ഒമാൻ കടലിലെ 75 മുതൽ 120 മീറ്റർ വരെ ആഴത്തിൽ ഓക്സിജൻ ഘടകം ഒരു ലിറ്ററിന് ഒരു മില്ലി ഗ്രാം എന്ന രീതിയിലും കുറഞ്ഞിരുന്നു. 1950 മുതൽ 2010 കാലഘട്ടത്തിനുള്ളിൽ ഒമാനിലെ ജലത്തിലെ ക്ലോറോഫിൻ ഘടകം 40 ശതമാനം കുറഞ്ഞിരുന്നു. ഈ രാസമാറ്റങ്ങൾ മത്സ്യങ്ങൾ ചാവുന്നതിനും ചെറിയ മത്സ്യങ്ങൾ കുറയുന്നതിനും കാരണമാവുന്നുണ്ട്. 2060 വരെ കാലയളിൽ കടൽ താപനിലയിൽ ചെറിയ വർധന പ്രതീക്ഷിക്കുന്നു. എന്നാൽ 2060 ശേഷം ഒന്നുമുതൽ രണ്ടര ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.