മസ്കത്ത്: രാജ്യത്ത് അനുകൂലമായ കാലാവസ്ഥ അനുഭവപ്പെട്ടതോടെ ക്യാമ്പിങ്ങുകൾ സജീവമായി. കഴിഞ്ഞ ദിവസങ്ങളിലെ അവധികൾ ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ക്യാമ്പിങ് ടെന്റുകളൊരുക്കാൻ മല കയറിയത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ദിവസങ്ങൾക്കുമുമ്പുതന്നെ തണുപ്പ് ശക്തമായിരുന്നു. എന്നാൽ നഗര പ്രദേശങ്ങളിൽ ഇപ്പോഴും താരതമ്യേന തണുപ്പ് കുറവാണ്.
മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട് ചേർന്നുള്ള സ്ഥലങ്ങൾ, ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അധികപേരും ക്യാമ്പൊരുക്കാനായി പോകുന്നത്. കുടുംബത്തോടൊപ്പവും ബാച്ചിലർ ടീമുകളുമായി എത്തുന്നവർ രാത്രി ക്യാമ്പ് ഫയറും ഭക്ഷണവുമൊക്കെ തയാറാക്കി പുലർകാലത്തെ സുന്ദര കാഴ്ചകളും കണ്ടാണ് മടങ്ങുന്നത്. ക്യാമ്പിങ് സജീവമായതോടെ ടെന്റ് ഒരുക്കുന്നതിനുള്ള സാധനങ്ങൾ തേടി എത്തുന്നവരുടെ എണ്ണം ദിവസേന വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് നഗരത്തിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്ന് ദിവസങ്ങൾക്ക് മുമ്പേ ജബൽ ശംസിൽ താപനില മൈനസിൽ എത്തിയിരുന്നു. ഇതോടെ ഇവിടെ മഞ്ഞ് പൊഴിയാനും തുടങ്ങിയിട്ടുണ്ട്. ഈ അപൂർവ നിമിഷങ്ങൾ അനുഭവിക്കാനും പകർത്താനുമായി നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം, മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും.
മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്നു കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.