മസ്കത്ത്: ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ പുതിയ ടൂറിസം കാമ്പയിനുമായി ഒമാൻ. ജനുവരിയിൽ നടക്കാനിരിക്കുന്ന ‘ഒമാന്റെ ഹൃദയത്തിലേക്കുള്ള യാത്ര’ കാമ്പയിനിന്റെ പ്രഖ്യാപനം ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ശൈബാനി നിർവഹിച്ചു. ഇന്ത്യയിൽനിന്നുള്ള ഐബെക്സ് എക്സ്പെഡിഷൻസും സുൽത്താനേറ്റിലെ ബൈത്ത് അൽ ഖാനൂൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ടൂറിസം കാമ്പയിനിൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നിരവധി ബിസിനസ് സംഘടനകളുടെ പങ്കാളിത്തവും ഉണ്ടാകും.
വിനോദ സഞ്ചാരത്തോടുള്ള നൂതനമായ സമീപനത്തിന് പേരുകേട്ട ബൈത്ത് അൽ ഖനൂൻ ഫൗണ്ടേഷൻ, ഇത്തരം പരിപാടികളിലൂടെ ഓരോ വർഷവും പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും ആഴത്തിലുള്ള യാത്രാനുഭവങ്ങൾ നൽകുന്ന പരിപാടികൾ വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ഫെലോഷിപ് അംഗങ്ങളുടെ താൽപര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നത്.
ഈ പങ്കാളിത്തം സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ യാത്രാ അനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്കിടയിൽ ഒമാന്റെ ടൂറിസം ആകർഷണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. കാമ്പയിൻ പ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ, വിദേശ നയതന്ത്രജ്ഞർ, ബിസിനസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒമാനിലെ വർധിച്ചുവരുന്ന താൽപ്പര്യം എടുത്തുകാണിക്കുന്നതായിരുന്നു പരിപാടിയിലെ ആളുകളുടെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.