മസ്കത്ത്: അപകടങ്ങളിൽ പരിക്ക് പറ്റുന്നവർക്കും കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾക്കും കൂടുതൽ ആനുകൂല്യവുമായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി. ഒമാൻ ധനകാര്യ മന്ത്രിയും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ചെയർമാനുമായ സുൽത്താൻ ബിൻ സാലം അൽ ഹബ്സിയാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
അപകടം സംഭവിച്ചാൽ ലഭിക്കുന്ന വിവിധ നഷ്ട പരിഹാരങ്ങളുടെ തുക അധികൃതർ വർധിപ്പിച്ചു. വാഹനാപകടത്തിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചാൽ ചികിത്സക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള സഹായമായി 500 റിയാൽ നൽകണമെന്നാണ് സി.എം.എയുടെ പുതിയ ഭേദഗതിയിലുള്ളത്. നേരത്തേ ഇത് 400 റിയാൽ ആയിരുന്നു. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് 30,000 റിയാലാണ് പുതിയ നഷ്ട പരിഹാരം.
നേരത്തേ ഇത് 15,000 റിയാൽ ആയിരുന്നു. അംഗ വൈകല്യം സംഭവിക്കാതെ വൻ മുറിവുകൾ സംഭവിക്കുന്നവർക്ക് ചികിത്സക്കും മറ്റുമായി പരമാവധി 5,000 റിയാൽ ലഭിക്കും. അപകടം പറ്റുകയോ മരിക്കുകയോ ചെയ്യുന്നവരുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിനാവശ്യമായ മാർഗ രേഖകളും സി.എം.എ പുറത്തിറക്കി. ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അപകടം പറ്റിയവരുടെ അനന്തരാവകാശികൾ ആവശ്യമായ രേഖകൾ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. റോയൽ ഒമാൻ പൊലീസിൽനിന്നുള്ള അപകടത്തിൻെറ അന്തിമ റിപ്പോർട്ട്, ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട്, ഒമാനിലെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയതിൻെറ ബില്ലുകൾ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെ അനന്തരാവകാശിയാണെന്ന് തെളിയിക്കുന്ന രേഖകൾ, ആവശ്യമായി വരുകയാണെങ്കിൽ
ഏജന്റിനോ ഇതുമായി ബന്ധപ്പെട്ടവർക്കോ നൽകുന്ന മുക്തിയാർ എന്നിവ സമർപ്പിക്കണം. അപകട മരണത്തിനോ പരിക്ക് പറ്റിയതിനോ നഷ്ടപരിഹാരം ലഭിക്കാനുള്ള രേഖകൾ രണ്ടു വർഷത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതയിനുള്ള അപേക്ഷകൾ ആറു മാസത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം. അതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് എടുത്തവർക്കുള്ള നഷ്ടപരിഹാര തുകയും സി.എം.എ 3000 റിയാലായി വർധിപ്പിച്ചു.
കോവിഡ് ചികിത്സ അടക്കം ഉൾപ്പെടുത്തിയിട്ടുള്ള പ്രീമിയവും നിലവിലുണ്ട്. നിലവിൽ കോവിഡ് അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ ചെലവുകൾ വർധിക്കുന്ന സഹാചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തേ 2000 റിയാലായിരുന്നു മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യം. ഇതനുസരിച്ച് ആരോഗ്യ ഇൻഷുറൻസിെൻറ പ്രീമിയവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.