മസ്കത്ത്: കോൺഗ്രസ് സ്വയം നവീകരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായായിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ബെന്നി ബഹനാൻ പറഞ്ഞു. ഒ.ഐ.സി.സി ഒമാൻ മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം 'aഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ട്. സംഘടനപരമായും ആശയപരമായും നവീകരണവും ബലപ്പെടുത്തലും ആവശ്യമാണ്. ഇതിനുള്ള തുടക്കമെന്ന നിലയിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന തെരഞ്ഞെടുപ്പ്. ഇന്ത്യയിലെ ഒരു പാർട്ടിക്കും അവകാശപ്പെടാനാകില്ല ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ്. എല്ലാവരുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരമായിരുന്നു ഇതിലൂടെ ലഭിച്ചത്. മത്സരത്തിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും വിജയിച്ചുവെന്ന് വിലയിരുത്താനാണിഷ്ടം. ശശി തരൂരിനെ കൂടി ഉൾപ്പെടുത്തി പാർട്ടി മുന്നോട്ടുപോകുമെന്നാണ് ഖാർഗെ അറിയിച്ചിരിക്കുന്നത്. പാർട്ടിക്ക് പൂർണപിന്തുണ ശശി തരൂരും അറിയിച്ചിട്ടുണ്ട്. സംഘടനയെ ബലപ്പെടുത്തുന്നതിനും ആശയപരമായി നവീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കകത്ത് അവഗണിക്കപ്പെടാനാകാത്ത നേതാവാണ് ശശി തരൂർ. അദ്ദേഹത്തിന്റെ അറിവും വ്യക്തിത്വവും കാഴ്ചപ്പാടുകളുമെല്ലാം പാർട്ടിക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാണ്. ഐക്യരാഷ്ട്ര സഭയിൽനിന്ന് തിരിച്ചുവന്നപ്പോൾ അദ്ദേഹത്തെ സ്വീകരിച്ച് സ്ഥാനാർഥിയാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ശശി തരൂരിനെ പോലെയുള്ള നേതാവിനെ കോൺഗ്രസിനേ ഉൾക്കൊള്ളാൻ സാധിക്കൂവെന്നതിന്റെ തെളിവാണ് മൂന്നുവട്ടം അദ്ദേഹത്തെ ജനപ്രതിനിധിയാക്കിയത്. ഇനിയും അദ്ദേഹത്തിന്റെ കഴിവുകൾ പാർട്ടി പ്രയോജനപ്പെടുത്തും.
രണ്ടാം പിണറായി സർക്കാർ കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളെയും അവഗണിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമായിക്കൊണ്ടിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല എന്നതിനപ്പുറത്തേക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പോലും സർക്കാർ ബുദ്ധിമുട്ടുകയാണ്. കേരളത്തിന്റെ ക്രമസമാധാനം മുമ്പെങ്ങുമില്ലാത്തവിധം തകർന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിനെതിരെ ഇടതു മുന്നണിയുടെ ഘടകക്ഷിയായ സി.പി.ഐപോലും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെല്ലാം ഇന്ന് കനത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നരബലി, ലഹരി വ്യാപനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ കേരളം പിറകോട്ടുപോകുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ ഏഴുവർഷം കേരളം ഭരിക്കുന്നത് ഇവരാണ്. കേരളം പിറകോട്ടുപോയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ഇടതു സർക്കാറാണ്. പിണറായി അധികാരം ഉപയോഗിക്കുന്നതിന് പകരം ആസ്വദിക്കുകയാണ്.
സർക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അതിലൊന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെയും അടുത്ത ആളുകളെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ആരോപണം. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് സ്വപ്നക്കെതിരെ കേസുകൊടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല? സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ യാഥാർഥ്യമുണ്ടോ എന്ന് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ ശക്തമായ സമരത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
ജോഡോ യാത്രക്ക് പ്രതീക്ഷിച്ചതിനെക്കാളും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്നുവെന്നതും ഇന്ത്യയുടെ ഐക്യമെന്ന മുദ്രാവാക്യവുമാണ് ഈ യാത്രക്ക് പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണം. കോൺഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്ന ആരോപണം ശരിയല്ല. ആർ.എസ്.എസിനെയും ബി.ജെ.പിയുടെ വർഗീയ അജണ്ടയെയും എന്നും എതിർക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ജോഡോ യാത്രയിലും നമുക്കിത് കാണാവുന്നതാണ്. വർഗീയതക്കെതിരെ പോരാട്ടം നടത്താനുള്ള ശക്തിയും ശേഷിയും ഇന്നും കോൺഗ്രസിനു മാത്രമാണുള്ളത്. പല പാർട്ടികളും അവരുടെ വിജയത്തിനുവേണ്ടി ബി.ജെ.പി അടക്കമുള്ള വർഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടുണ്ട്. എന്നാൽ, എക്കാലത്തും കോൺഗ്രസ് വർഗീയതക്ക് എതിരായിരുന്നു.
മുസ്ലിം ലീഗ് യു.ഡി.എഫ് വിട്ടുപോകുമെന്ന പ്രചാരണം മാധ്യമ സൃഷ്ടിയാണ്. അത്തരം ചർച്ചകൾപോലും എവിടെയും നടന്നിട്ടില്ല. യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് മുസ്ലിം ലീഗ്. കേരളത്തിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മാധ്യമത്തിന്റെ സ്നേഹോപഹാരം ബെന്നി ബഹനാൻ എം.പിക്ക് റെസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ കൈമാറി. ഒ.ഐ.സി.സി മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസൻ, അനീഷ് കടവിൽ, ഹൈദ്രോസ് പതുവന, നൂറുദ്ധീൻ പയ്യന്നൂർ, അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു. സ്വീകരണത്തിന് എം.പി നന്ദി അറിയിച്ചു.
മസ്കത്ത്: ഒമാനിലെ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.പി.സി.സിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. കേരളക്കര പ്രയാസമനുഭവിക്കുമ്പോൾ കൈയും മെയ്യും മറന്ന് സഹായിക്കുന്നവരാണ് കോൺഗ്രസുകാരായ പ്രവാസികൾ. പ്രളയകാലത്തും മറ്റും മുൻ കമ്മിറ്റി ചെയ്ത കാര്യങ്ങൾ നേതൃത്വത്തിന് അറിയാവുന്നതാണ്. സംഘടനക്കകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിലൂടെ ഒ.ഐ.സി.സി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.