മസ്കത്ത്: ഒമാനിൽ നോവൽ കൊറോണ വൈറസ് (കോവിഡ് 19) രോഗം. ഇറാനിൽനിന്ന് മടങ്ങിയെ ത്തിയ രണ്ടു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തിങ്കള ാഴ്ച വൈകുന്നേരം ട്വിറ്ററിൽ അറിയിച്ചു. അതിസുരക്ഷാ മുൻകരുതലുകളോടെ ക്വാറൈൻറൻ (പ രസമ്പർക്കം ഒഴിവാക്കുക) സംവിധാനത്തിൽ നിരീക്ഷിക്കുന്ന ഇവരുടെ നില ഭദ്രമാണെന്ന് ആര ോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഒമാനിൽ ഇതാദ്യമായാണ് നോവൽ കൊറോണ ബാധ റിപ്പോർട ്ട് ചെയ്യുന്നത്.
ബഹ്റൈനിലും കുവൈത്തിലും തിങ്കളാഴ്ച കൊറോണ ബാധ റിപ്പോർട്ട് ചെ യ്തിട്ടുണ്ട്. ബഹ്റൈനിൽ ഒരാൾക്കും കുവൈത്തിൽ മൂന്നുപേർക്കുമാണ് രോഗബാധയുള്ളത് . യു.എ.ഇക്കും ഇറാനും പുറമെ ഒമാൻ അടക്കം മൂന്നു രാജ്യങ്ങളിൽ കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അറബ് മേഖല കടുത്ത ജാഗ്രതയിലാണ്. ഇറാനിൽ രോഗബാധിതരുടെ എണ്ണം ഒാരോ ദിവസവും ഉയരുകയാണ്.
ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി
മസ്കത്ത്: ഇറാനിൽനിന്ന് മടങ്ങിയെത്തിയ രണ്ടു സ്ത്രീകൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് വരെയാണ് സർവിസുകൾ നിർത്തിയത്.
നോവൽ കൊറോണ വൈറസ് (കോവിഡ്-19) ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്ര ഒഴിവാക്കാൻ തയാറുള്ളവർക്ക് ടിക്കറ്റിനായി നൽകിയ മുഴുവൻ തുകയും തിരിെക നൽകണം. ഒരു വിധത്തിലുള്ള കുറവുകളും ഇതിൽ വരുത്താൻ പാടില്ല. നോൺ റീഫണ്ടബ്ൾ വിഭാഗത്തിലുള്ള വിമാന ടിക്കറ്റുകൾക്ക് പുതിയ തീയതി നൽകണം. യാത്ര സാധ്യമാകുന്നതു സംബന്ധിച്ച അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ചാകണം പുതിയ തീയതി. അല്ലെങ്കിൽ ടിക്കറ്റിനായി മുടക്കിയ തുകയുടെ തുല്യമൂല്യമുള്ള ട്രാവൽ വൗച്ചർ നൽകണം. ടിക്കറ്റിെൻറ മാനദണ്ഡങ്ങളിൽ പറയുന്ന ഒരു തുകയും കുറക്കാത്ത തുകയുടെ മൂല്യത്തിലുള്ള ഇൗ വൗച്ചറിന് ഒരു വർഷത്തെ കാലാവധി വേണം. തിങ്കളാഴ്ച മുതൽ തന്നെ ഇൗ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കോവിഡ് -19 വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് നിർദേശം നൽകിയിരുന്നു. രോഗബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെ പരസമ്പർക്കം ഒഴിവാക്കി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കൊറോണ ബാധിത രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ചൈന, തെക്കൻ കൊറിയ, ജപ്പാൻ, സിംഗപൂർ,ഇറാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് തിരികെയെത്തിയവർ വീടുകളിൽ തന്നെ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ മന്ത്രാലയം കോൾ സെൻററുമായി ബന്ധപ്പെട്ട് ഇവരെ ക്വാറൈൻറൻ ചെയ്യാൻ നടപടി സ്വീകരിക്കും.
പനി, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ എന്നിവയാണ് കൊറോണ ബാധയുടെ ലക്ഷണങ്ങൾ. ‘സാർസി’ന് സമാനമായ ലക്ഷണങ്ങൾ തന്നെയാണിത്. ചികിത്സ വൈകുന്നത് മരണത്തിന് കാരണമായേക്കും. രോഗബാധിതർക്ക് ഗുരുതരമായ ന്യുമോണിയ ബാധയും ഉണ്ടാകുന്നതിനാൽ കൃത്രിമ ശ്വാസം നൽകുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വേണ്ടിവരും. തുമ്മുകയും ചുമക്കുകയും ചെയ്യുേമ്പാൾ ടിഷ്യൂ ഉപയോഗിക്കണം. ഇത് മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കുകയും വേണം. തുമ്മുകയും ചുമക്കുകയും ചെയ്ത ശേഷം കൈ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. വൃത്തിയാക്കാത്ത കൈ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ തൊടരുത്. രോഗബാധിതർക്ക് കൈ കൊടുക്കുകയോ അവരുടെ സ്വകാര്യ വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യരുത്. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കണം.
കോവിഡ് 19നെ ചെറുക്കാൻ ഫലപ്രദമായ മരുന്ന് ലഭ്യമല്ല. ലക്ഷണങ്ങളും അവയുടെ സങ്കീർണതകളും മുൻനിർത്തി അവ കുറക്കാനുള്ള ചികിത്സയാണ് നടത്തുന്നത്. ഭക്ഷണവും വെള്ളവും അധികമായി കഴിക്കുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും വേണം. രോഗബാധ റിപ്പോർട്ട് ചെയ്യുന്നവരെ പ്രത്യേക മുറിയിലാക്കിയാണ് ചികിത്സ നടത്തുക. രോഗികളുമായി നേരിട്ട് ഇടപഴകുന്നത് ഒഴിവാക്കണം. മെഡിക്കൽ മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങളുള്ളവരുമായി പ്രായമുള്ളവരും ഗുരുതര രോഗങ്ങൾ ഉള്ളവരും ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.