മസ്കത്ത്: ഒമാനിൽ നോവൽ കോറോണ വൈറസ് (കോവിഡ് 19) ബാധിച്ച ഒരാളുടെകൂടി രോഗം ഭേദമായി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി തിങ്കളാഴ്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടുപേരുടെ രോഗമാണ് ഇതുവരെ ഭേദമായത്. പുതിയതായി ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൊത്തം 2367 പേരെയാണ് ക്വാറൈൻറൻ നടപടികൾക്ക് വിധേയമാക്കിയിട്ടുള്ളത്. ഇതിൽ 49 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. കൊറോണ രോഗബാധ ഉയർന്നതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കും. ആവശ്യമെങ്കിൽ പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിന് (ക്വാറൈൻറൻ) വിധേയമാക്കുകയും ചെയ്യും. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ചൈന, ഇറ്റലി, തെക്കൻ കൊറിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പ്രത്യേക പരിശോധനക്കും ക്വാറൈൻറൻ നടപടികൾക്കും വിധേയരാക്കേണ്ടവരുടെ പട്ടികയിലുള്ളത്. ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ളവരെ പട്ടികയിൽനിന്ന് നീക്കിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചുദിവസമായി ഒമാനിൽ കൊറോണ ബാധ പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് നല്ല ലക്ഷണമാണ്. രോഗം ഭേദമായവർക്ക് പ്രത്യേക വൈദ്യപരിചരണം ആവശ്യമില്ലെന്നും അൽ സഇൗദി പറഞ്ഞു. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം ലഘുവായ രോഗലക്ഷണങ്ങളുള്ളതാണ്. രോഗബാധിത രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തിയവരെ വീടുകളിൽ നിരീക്ഷണത്തിൽവെക്കുന്നതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. മന്ത്രാലയത്തിെൻറ നിർദേശങ്ങളനുസരിച്ച് പ്രവർത്തിച്ചാൽ വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും രോഗബാധയിൽനിന്ന് രക്ഷപ്പെടാൻ കഴിയും.
രോഗബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തിയവരാണ് ഒമാനിൽ രോഗം ബാധിച്ചവരെല്ലാം. അതിനാൽ ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവരെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളിലും പരിശോധനക്ക് വിധേയമാക്കാറുണ്ട്. വിമാനത്താവളത്തിലെ പൊതു ആരോഗ്യ ക്ലിനിക്കിലാണ് ഇവരെ എത്തിക്കുക. ഇവിടെവെച്ച് കൊറോണയുടെ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം വേർതിരിക്കുന്നു. ഇവരെ രോഗനിർണയത്തിനുള്ള പരിശോധനക്ക് ശേഷമേ വിട്ടയക്കുകയുള്ളൂ. അല്ലാത്തവരോട് വീടുകളിൽ സ്വയം ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകാൻ നിർദേശിക്കുകയാണ് ചെയ്യുക.
ഒമാൻ കോറോണ കൈകാര്യംചെയ്യുന്നതിെൻറ മൂന്നാം തലത്തിലാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടം മുന്നൊരുക്കമാണ്. വിദേശത്തുനിന്ന് രോഗബാധ ഒമാനിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലുള്ള ജാഗ്രതയാണ് രണ്ടാം തലം. മൂന്നാംഘട്ടത്തിൽ ആറ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യുകയും രണ്ടുപേർക്ക് രോഗം ഭേദമാവുകയും ചെയ്തു. വിദേശത്ത് നിന്നെത്തുന്നയാളിൽനിന്ന് പ്രാദേശികമായി ഉള്ള ആളിലേക്ക് രോഗം പടരുന്നത് നാലാം ഘട്ടവും രോഗം സമൂഹത്തിൽ പടരുന്നത് അഞ്ചാം ഘട്ടവുമാണ്.
ഫെബ്രുവരി 24ന് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യമന്ത്രാലയം പ്രതിരോധ പ്രവർത്തനങ്ങൾ മൂന്നാം തലത്തിലേക്ക് ഉയർത്തിയിരുന്നു. അതിർത്തികളിൽ ആരോഗ്യ പരിശോധന ശക്തമാക്കുകയും ക്വാറൈൻറൻ നടപടികൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തു. ചില രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇറാനിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള നടപടികളും ഇതിെൻറ ഭാഗമാണ്. ചൈനയിലേക്കും ഇറാനിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറ്റിലിയിൽനിന്നുള്ള ചാർേട്ടഡ് ടൂറിസം ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഒമാനിലെ സ്വദേശികളും വിദേശികളും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പള്ളികളടക്കം പൊതുസ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സ്കൂളുകളെല്ലാം തുറന്നു പ്രവർത്തിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചാണ് പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ െപാതുശുചിത്വം ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. മാസ്കുകളുടെ ലഭ്യതക്കുറവിനെ കുറിച്ച് ചോദിച്ചപ്പോൾ ഹസ്തദാനം നൽകുന്നത് ഒഴിവാക്കുകയാണ് മാസ്ക്കുകളേക്കാളും മരുന്നുകളേക്കാളും പ്രധാനപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിൽ രോഗബാധക്കുള്ള സാധ്യത വളരെ കുറവാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് നോവൽ കൊറോണ ബാധിക്കാൻ സാധ്യത കൂടുതലെന്നും മന്ത്രി പറഞ്ഞു. പുകവലിക്കാർക്ക് രോഗസാധ്യത കൂടുതലാണ്. ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ്-19 ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോഴേ ഒമാൻ ആരോഗ്യ മന്ത്രാലയം ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. രോഗബാധിതരെയും ക്വാറൈൻറനിൽ ഉള്ളവരെയും നിരീക്ഷിക്കാൻ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മന്ത്രാലയത്തിെൻറ സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ശേഷി വർധിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.