മസ്കത്ത്: കോവിഡ് കേസുകൾ നിയന്ത്രണാധീനമാകുന്നുവെന്ന സൂചന നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുവരുന്നു. രാജ്യത്ത് ഒമിക്രോണിനെ തുടർന്ന് കോവിഡ് കേസുകൾ ജനുവരിയിലായിരുന്നു കുതിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ നൂറും ഇരുന്നൂറും കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
പിന്നീട് 2000ത്തിന് മുകളിലേക്ക് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി. ഇതോടെ ആശുപത്രിവാസവും മരണനിരക്കും കുതിച്ചുയരാൻ തുടങ്ങി. ഇത് ആരോഗ്യ മേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ജനുവരിയുടെ പകുതിയിലൊക്കെ ദിനേന 25ന് താഴെയായിരുന്നു ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, അവസാനമാകുമ്പോഴേക്കും 80ന് മുകളിൽ വരെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി. ഒപ്പം തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെതുടർന്ന് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലുമെല്ലാം വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നടത്തിയിരുന്നു.
നിലവിൽ 30ന് താഴെ ആളുകളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2,129 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. രണ്ടുപേർ മരിക്കുകയും ചെയ്തു. 5790 ആളുകൾക്ക് അസുഖം ഭേദമാവുകയും ചെയ്തു.
പ്രതിദിന കോവിഡ് ബാധിതരേക്കാൾ ഉയർന്നതാണ് മുക്തരാകുന്നവരുടെ നിരക്ക്. ഇത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
കോവിഡ് കേസുകൾ നിയന്ത്രണാധീനമായതോടെ മാർച്ച് ഒന്ന് മുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്.
നൂറുശതമാനം ശേഷിയിൽ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിട്ടുണ്ട്. എന്നാൽ, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, പൊതുപരിപാടികളിൽ മുൻ നിശ്ചയ പ്രകാരം 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നു നിർദേശം നൽകിയിട്ടുണ്ട്.
പ്രതിദിന കോവിഡ് നിരക്കുകൾ ഉയർന്നതോടെ അധികൃതർ സ്വീകരിച്ച നടപടികളാണ് കോവിഡ് വ്യാപനം കുറക്കാൻ സഹായകമായതെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
ജുമുഅ അടക്കം നിരോധിച്ച് ജനങ്ങളുടെ ഒത്തുചേരർ പരമാവധി അധികൃതർ ഒഴിവാക്കുകയായിരുന്നു. ഒപ്പം വിവിധ ഗവർണറേറ്റുകൾ വാക്സിൻ നടപടികൾ ഊർജിതമാക്കുകയും ചെയ്തു. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.