മസ്കത്ത്: കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിലെത്തുന്നവരുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമായി. രണ്ടാഴ്ച മുമ്പ് ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യത്തിൽ നിന്ന് സുപ്രീം കമ്മിറ്റി കൊണ്ടുവന്ന ശക്തമായ നടപടികളാണ് ആശങ്കയകറ്റുന്ന അന്തരീക്ഷത്തിലേക്ക് എത്തിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ആയിരത്തിനടുത്ത് രോഗികൾ ആശുപത്രികളിൽ ചികിത്സ തേടിയ സാഹചര്യം രൂപപ്പെട്ടിരുന്നു. ദോഫാറിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിലടക്കം രോഗികൾ വർധിക്കുകയും ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനമൊരുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്തു.
ഐ.സി.യുവിലും രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായി. അത്യാവശ്യം വരുന്ന രോഗികൾക്ക് വെൻറിലേറ്ററുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകുമോ എന്ന ഭീതിയും രൂപപ്പെട്ടിരുന്നു. സാഹചര്യം മുന്നിൽക്കണ്ട് മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുമുണ്ടായി. എന്നാൽ സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾതന്നെ ഗുണം ലഭിച്ചതായാണ് ഇപ്പോൾ മനസ്സിലാക്കപ്പെടുന്നത്.
ഇപ്പോൾ ദിനംപ്രതി പുതുതായി രോഗം ബാധിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 238പേരാണ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന് തടസ്സമുണ്ടാകില്ല. എന്നാൽ മരണസംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്താത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നിലവിൽ സുപ്രീം കമ്മിറ്റി ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരിക്കുകയാണ്. എന്നാൽ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം വീണ്ടും പ്രയാസം സൃഷ്ടിക്കും. സ്ഥാപനങ്ങളിൽ 50 ശതമാനം ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിക്കുക, രാത്രി 8മണിക്കുശേഷം സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ കോവിഡ് വ്യാപനം തടയാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം പാലിക്കപ്പെട്ടെങ്കിൽ മാത്രമേ വരും ആഴ്ചകളിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുകയുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 796പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 13പേർ മരിക്കുകയും ചെയ്തതോടെ ആകെ മരണം 2210ആയി. ഇന്നലെയോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 206,297ആയി. ഇതിൽ 19,1065 ആളുകൾ രോഗമുക്തരായിട്ടുണ്ട്.
രോഗമുക്തി നിരക്ക് 93ശതമാനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 87പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആകെ 709 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 238പേർ ഗുരുതര രോഗലക്ഷണങ്ങളോടെ ഐ.സി.യുവിൽ കഴിയുകയാണ്. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും മരണനിരക്ക് 10നുമുകളിൽതന്നെ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.