മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 33 പേർകൂടി മരിച്ചു. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഒരിടവേളക്കു ശേഷം പ്രതിദിന രോഗികളുടെ എണ്ണം 2000 കടക്കുകയും ചെയ്തു.
2126 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,38,566 ആയി. 570 പേർക്കുകൂടി രോഗം ഭേദമായി. 2,12,064 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ മരിച്ചവരുടെ എണ്ണമാകട്ടെ 2565 ആയി ഉയരുകയും ചെയ്തു.
164 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1247 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 374 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
അതിനിടെ രാജ്യത്ത് ആദ്യമായി ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർ മൈക്കോസിസ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരായി ചികിത്സയിലുള്ള മൂന്നു പേരിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് ചികിത്സ നൽകിവരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അപകടകരമായ ഫംഗസ് രോഗമാണിത്.
ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കുറയുന്നതാണ് കാരണം. കോവിഡ് ബാധിതരായ പ്രമേഹ രോഗികൾ, സ്റ്റിറോയിഡ് മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നവർ, ഐ.സി.യുവിൽ ദീർഘനാൾ കഴിഞ്ഞവർ, ഒന്നിലധികം രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിക്കാൻ സാധ്യത. ശക്തിയായ തലവേദന, മൂക്കിൽനിന്ന് രക്തം കലർന്ന ഡിസ്ചാർജ്, കണ്ണിന് ചുവപ്പ്, കണ്ണിന് പിറകിൽ വേദന, കാഴ്ച മങ്ങൽ, കണ്ണിന് ചുറ്റും നീര്, മാനസികാവസ്ഥയിൽ മാറ്റങ്ങൾ, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.