മസ്കത്ത്: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ താൽപര്യമില്ലെന്ന് രക്ഷിതാക്കൾ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പ്രതികരണം അറിയാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് നടത്തിയ സർവേയിൽ പെങ്കടുത്ത ഭൂരിഭാഗം രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയാണ്. നിലവിലെ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും സർവേയിൽ പെങ്കടുത്തവർ പങ്കുവെച്ചു.
2500ലധികം പ്രതികരണങ്ങളാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്്. ഇതിൽ ഏതാണ്ട് പത്ത് ശതമാനത്തോളം പേരാണ് സ്കൂൾ തുറക്കുന്നതിനോട് അനുകൂലമായി പ്രതികരിച്ചത്. അധ്യാപകരും ജോലിയുള്ള രക്ഷിതാക്കളുമൊക്കെയാണ് സ്കൂൾ തുറക്കുന്നതിനെ അനുകൂലിച്ചവർ. ചില സ്കൂൾ മാനേജ്മെൻറുകളും ക്ലാസുകൾ പുനരാരംഭിക്കണമെന്ന അഭിപ്രായം സ്വീകരിച്ചു.
ഒമാനിൽ രോഗബാധിതരുടെ എണ്ണം ഉയർന്നുവരുന്ന നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളെ സ്കൂളിൽ വിടാൻ കഴിയില്ലെന്ന് രക്ഷിതാവായ ഇന്ദു ബാബുരാജ് പറഞ്ഞു. എന്ത് മുൻകരുതലെടുത്താലും കുട്ടികളെ സ്കൂളിൽ വിടുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല.
രോഗികളുടെ എണ്ണം കുറയുന്നതിന് ഒപ്പം സ്കൂൾ അധികൃതർ മുൻകരുതൽ നടപടികളെ കുറിച്ച് കൃത്യമായി ബോധവത്കരിക്കുകയും ചെയ്ത ശേഷം മാത്രം സ്കൂൾ തുറന്നാൽ മതി. രക്ഷിതാക്കൾക്ക് മുൻകരുതൽ നടപടികളെ കുറിച്ച് ധാരണയുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നൽകാൻ സാധിക്കുകയുള്ളൂവെന്നും ഇന്ദു ബാബുരാജ് പറഞ്ഞു. മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുന്നപക്ഷം ഒാൺലൈൻ ക്ലാസുകൾ തന്നെ തുടരുന്നതാകും നല്ലതെന്ന് മറ്റൊരു രക്ഷിതാവായ ബിന്ദു നായരും പറഞ്ഞു.
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാനാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. നവംബറിലോ അടുത്ത വർഷം ജനുവരിയിലോ അടുത്ത വർഷം ഏപ്രിലിലോ അല്ലെങ്കിൽ വാക്സിനേഷൻ ലഭ്യമായിട്ട് മാത്രം സ്കൂൾ തുറന്നാൽ മതിയോ എന്നതായിരുന്നു സർവേയിലെ ചോദ്യം. നവംബറിൽ സ്കൂൾ തുറക്കുന്ന പക്ഷം ഒാൺലൈൻ ക്ലാസ് തുടരൽ അല്ലെങ്കിൽ ഒാൺലൈൻ,ഒാഫ്ലൈൻ ക്ലാസുകൾ സമ്മിശ്രമായി ഒന്നിടവിട്ട ദിവസങ്ങളിൽ അല്ലെങ്കിൽ ക്ലാസ്റൂം വിദ്യാഭ്യാസം അല്ലെങ്കിൽ തിയറി ക്ലാസുകൾ ഒാൺലൈനിലും പ്രാക്ടിക്കൽ ക്ലാസുകൾ സ്കൂളിലും എന്നീ ചോദ്യങ്ങൾക്കും പ്രതികരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.