മസ്കത്ത്: കോവിഡ് വാക്സിനേഷൻ വിഷയത്തിൽ ഒമാൻ നിലപാട് കടുപ്പിക്കുന്നു. വാക്സിൻ സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രതിനിധിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. കൃത്യമായ മെഡിക്കൽ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ. വിട്ടുനിൽക്കുന്നതിെൻറ മാനദണ്ഡങ്ങളും പിന്നാലെ അറിയിക്കും.
ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വരുന്ന ആഴ്ചകളിൽ വാക്സിനേഷൻ സജീവമാക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കുത്തിവെപ്പ് ആരംഭിച്ചു കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണന പട്ടികയിലുള്ളവർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ നൽകുകയാണ് ലക്ഷ്യം.
അടുത്ത രണ്ട് മുതൽ മൂന്നാഴ്ചക്കുള്ളിൽ 32,000 വിദ്യാർഥികൾക്ക് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണന പട്ടികയിൽ അന്താരാഷ്ട്ര സ്കൂളുകളിലുള്ള വിദേശ വിദ്യാർഥികളും ഉൾപ്പെടും.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് ദൃശ്യമാണ്. ജൂലൈ എട്ടു മുതൽ ആഗസ്റ്റ് അഞ്ചു വരെ സമയത്തിനുള്ളിൽ 16,332 പേരാണ് പുതുതായി രോഗബാധിതരായത്. രോഗബാധിതരിൽ കുറവ് ദൃശ്യമായ സ്ഥിതിക്ക് സുപ്രീംകമ്മിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവധിക്കു പോയവർ തിരിച്ചുവരാനാകാതെ നാട്ടിൽ കുടുങ്ങിയത് സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാൽ വിസയുള്ളവരെ തിരിച്ചുവരാൻ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 12നും 18നുമിടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇന്ത്യൻ സ്കൂളുകൾ രക്ഷാകർത്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. താൽപര്യമുള്ള രക്ഷിതാക്കളിൽ നിന്ന് ഓൺലൈൻ ഫോറം പൂരിപ്പിച്ചു വാങ്ങുകയാണ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.