മസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത സൂപ്പർ സിക്സ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ പൊരുതിവീണു. ബുലുവായോ ക്യൂൻസ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ സിംബാബ്വെ 14 റൺസിനാണ് ഒമാനെ പരാജയപ്പെടുത്തിയത്. റസൊഴുകിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 332 റൺസിന്റെ പടുകൂറ്റൻ സ്കോറാണ് ഉയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കശ്യപ് പ്രജാപതി (97 ബാളിൽ 103 റൺസ്), അയാൻ ഖാൻ (43 ബാളിൽ 47 റൺസ്), ആഖിബ് ഇല്യാസ് (61 ബാളിൽ 45 റൺസ്) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.
കൂറ്റൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ഒമാന്‍ തുടക്കം അത്ര സുഖകരമായിരുന്നില്ല. സ്കോർ ബോർഡിൽ 29 റൺസ് ആയപ്പോഴേക്കും ഓപണർ ജതീന്ദ്രർ സിങ്ങിനെ നഷ്ടമായി. പിന്നീട് വന്ന ആഖിബ് ഇല്യാസുമായി ചേർന്ന് കശ്യപ് പ്രജാപതി നടത്തിയ പ്രകടനം വിജയപ്രതീക്ഷ നൽകുന്നതായിരുന്നു.
എന്നാൽ, പിന്നീട് ഇടക്കും തലക്കുമായി വിക്കറ്റുകൾ വീണതും വലിയ കൂട്ടുകെട്ടുകൾ ഇല്ലാതെ പോയതുമാണ് റെഡ് വാരിയേഴ്സിന് തിരിച്ചടിയായത്. സീഷൻ മഖ്സൂദ് (37), മുഹമ്മദ് നദീം (30) റൺസും എടുത്തു. സിംബാബ്വെക്കുവേണ്ടി തെന്ദായി ചെതാര, ബ്ലിസിങ് മുസാരബാനി എന്നിവർ മൂന്നു വിക്കറ്റ് വീതവും റിച്ചാർഡ് നഗാരവ രണ്ടു വിക്കറ്റും എടുത്തു. സീൻ വില്യംസ് (103 ബാളിൽ 142 റൺസ്), സിക്കന്ദർ റാസ (42), ലൂക്ക് ജോങ്വെ (43) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് സിംബാബ്വെക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഒമാനുവേണ്ടി ഫയാസ് ബട്ട് നാലു വിക്കറ്റുകൾ സ്വന്തമാക്കി. ടോസ് നേടിയ ഒമാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തിങ്കളാഴ്ച നെതര്‍ലൻഡ്സുമായാണ് ഒമാന്റെ അടുത്ത മത്സരം. അഞ്ചിന് വെസ്റ്റിൻഡീസിനെയും നേരിടും. സൂപ്പർ സിക്സിൽനിന്ന് നാലു ടീമുകള്‍ പ്ലേ ഓഫ് യോഗ്യത നേടും. പ്ലേ ഓഫിലെ വിജയികള്‍ ജൂലൈ ഒമ്പതിന് നടക്കുന്ന കലാശക്കളിയിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.