മസ്കത്ത്: മഹാമാരിയുടെ കാലത്ത് സൈബർ ആക്രമണങ്ങൾ വർധിക്കുന്നതായി ഇൻറർപോൾ മുന്നറിയിപ്പ് നൽകി. പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിലിരുന്ന് ജോലിയെടുക്കുന്നതാണ് ക്രിമിനലുകൾ മുതലെടുക്കുന്നത്. വ്യക്തികളിൽനിന്നും ചെറുകിട ബിസിനസ് സ്ഥാപനങ്ങളിൽനിന്നും മാറി വൻകിട കോർപറേഷനുകളും സർക്കാർ സ്ഥാപനങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളുമൊക്കെയാണ് സൈബർ ക്രിമിനലുകളുടെ പുതിയ ലക്ഷ്യമെന്നും ഇൻറർപോൾ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. സൈബർ ആക്രമണങ്ങൾ ആശങ്കയുയർത്തുന്ന വിധത്തിലാണ് വർധിക്കുന്നത്. മഹാമാരിയെ തുടർന്ന് അസ്ഥിരമായ സാമൂഹിക-സാമ്പത്തിക സാഹചര്യത്തെ തുടർന്നുണ്ടായ ഭയവും അനിശ്ചിതാവസ്ഥയുമാണ് സൈബർ ക്രിമിനലുകൾ മുതലെടുക്കുന്നതെന്ന് ഇൻറർപോൾ സെക്രട്ടറി ജനറൽ ജ്യുർഗെൻ സ്റ്റോക് പറയുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർ ഒാൺലൈൻ സംവിധാനങ്ങളെ കൂടുതലായി ആശ്രയിച്ചതും ക്രിമിനലുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകി. പല വ്യക്തികളും കമ്പനികളും തങ്ങളുടെ സൈബർ സുരക്ഷ സംവിധാനങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടതാണെന്ന് ഉറപ്പാക്കാത്തതും ആക്രമണങ്ങൾക്ക് കാരണമാകുന്നു. കോവിഡ് വിഷയമായ ഫിഷിങ് ഇ–മെയിലുകളാണ് ക്രിമിനലുകൾ ഇപ്പോൾ അയക്കുന്നത്. സർക്കാർ-ആരോഗ്യ സ്ഥാപനങ്ങളിൽനിന്നാണെന്ന് പറഞ്ഞ് അയക്കുന്ന ഇത്തരം മെയിലുകളിലെ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നത് വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ക്രിമിനലുകളുടെ കൈവശം എത്തുന്നു.
തന്ത്രപ്രധാനമായ ശൃംഖലകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കുമെതിരെ സൈബർ ക്രിമിനലുകൾ മാൽവെയർ ആക്രമണങ്ങളും നടത്തുന്നുണ്ട്. സമീപഭാവിയിലും ഇത്തരം ആക്രമണങ്ങൾ വർധിക്കാനാണ് സാധ്യതയെന്നും ഇൻറർപോൾ റിപ്പോർട്ടിൽ പറയുന്നു. വർക്ക് ഫ്രം ഹോം സംവിധാനത്തിലെ സുരക്ഷാ പിഴവുകളാകും ഇവർ മുതലെടുക്കുക. കോവിഡിന് വാക്സിൻ കണ്ടുപിടിച്ചാൽ അത്തരം മെഡിക്കൽ ഉൽപന്നങ്ങളുടെ പേരിലുള്ള ഫിഷിങ് ഇ–മെയിലുകൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും ഇൻറർപോൾ റിപ്പോർട്ടിൽ പറയുന്നു. അതിനിടെ കഴിഞ്ഞ വർഷം ഒമാനി സൈബർ നെറ്റ്വർക്കിലേക്ക് നുഴഞ്ഞുകയറാനുള്ള 14 ശതകോടിയിലധികം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സാേങ്കതിക-ആശയവിനിമയ മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു ശതകോടി ശ്രമങ്ങൾ സർക്കാർ കമ്പ്യൂട്ടർ ശൃംഖലകൾക്കുനേരെയായിരുന്നു. 332 സുരക്ഷാ പിഴവുകളും കൈകാര്യം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
വെബ്സൈറ്റുകൾക്കു നേരെയുണ്ടായ 1.52 ലക്ഷം ആക്രമണങ്ങളും 152 മാൽവെയറുകളും 20.99 ലക്ഷം ഒാൺലൈൻ സ്പാം ആക്രമണങ്ങളും വിഫലമാക്കിയതായി നാഷനൽ സെൻറർ ഫോർ ഇൻഫർമാറ്റിക്സ് സേഫ്റ്റിയും അറിയിച്ചു. 162 ക്രിമിനൽ കേസുകളും കേന്ദ്രത്തിെൻറ പരിഗണനയിലെത്തിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.