മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയ കേന്ദ്രമായി ദാഹിറ ഗവർണറേറ്റ്. ഈ വർഷത്തെ പുസ്തകമേളയിൽ അതിഥിയായാണ് ദാഹിറ പങ്കെടുക്കുന്നത്. ഗവർണറേറ്റിന്റെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക പവലിയനും പരിപാടികളുമാണ് പുസ്തകമേളയുടെ വേദയിൽ ഒരുക്കിയിട്ടുള്ളത്.
സമഗ്രമായ പ്രദർശനം സംഘടിപ്പിക്കുന്നതിൽ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരിച്ചുള്ള ശ്രമങ്ങളെ ദാഹിറ ഗവർണറുടെ ഓഫിസിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അഹമ്മദ് ബിൻ റാഷിദ് അൽ മർസൂദി അഭിനന്ദിച്ചു.
മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും നിക്ഷേപ സാധ്യതകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള വേദിയായി ഇത്തരം പ്രദർശനങ്ങൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാഹിറ ഗവർണറേറ്റിന്റെ കോർണറിൽ ഒരുക്കിയിട്ടുള്ള ചരിത്ര പൈതൃക പ്രദർശനം, പൈതൃകവും-ചരിത്രവും ആഘോഷിക്കുന്ന കലകൾ, ഫോട്ടോഗ്രാഫി പ്രദർശനം, ദേശീയ മ്യൂസിയത്തിൽ നിന്നുള്ള പുരാവസ്തുക്കളുടെ ശേഖരം, ഗവർണറേറ്റിൽ നിന്നുള്ള പുരാവസ്തു കണ്ടെത്തലുകൾ എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കുന്നതാണ്.
സയൻറിഫിക് ഇന്നൊവേഷൻസ് എക്സിബിഷൻ, കോളജ്, യൂനിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പ്രോജക്റ്റുകളുടെ പ്രദർശനം, ഫൈൻ ആർട്ട് എക്സിബിഷൻ, കുട്ടികൾക്കായി ആകർഷകമായ പ്രവർത്തനങ്ങൾ എന്നിവയും ഇവിടെ നടത്തുന്നുണ്ട്. ഗവർണറേറ്റിന്റെ ഭൂതകാലത്തിലേക്കും അയൽ പ്രദേശങ്ങളുമായുള്ള പരസ്പര ബന്ധത്തിലേക്കും വെളിച്ചംവീശുന്ന ചരിത്രപരമായ രേഖകൾ, കൈയ്യെഴുത്തുപ്രതികൾ, കത്തിടപാടുകൾ എന്നിവയും സന്ദർശകർക്ക് ഇവിടെനിന്നും പരിശോധിക്കാൻ കഴിയും.
അതേസമയം, പുസ്തകമേളയിലേക്ക് എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളും പുതു തലമുറയിലുള്ളവരുമാണെത്തുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്. ഡിജിറ്റൽ കാലത്തും അച്ചടി പുസ്തകങ്ങളെ പുതുതലമുറയും നെഞ്ചോടു ചേർക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ തിരക്കെന്ന് വിവിധ സ്റ്റാളുകൾ നടത്തുന്നവർ പറയുന്നു.
മാർച്ച് രണ്ടുവരെ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. മേളയിലെത്തുന്ന സന്ദർശകരെ വഴികാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.