മസ്കത്ത്: രാജ്യത്ത് പ്രതിദിന കോവിഡ് മരണം വീണ്ടും 30ന് മുകളിൽ. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2741 ആയി. 2529 പേരാണ് പുതുതായി രോഗബാധിതരായത്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,50,572 ആയി. 1330 പേർക്കു കൂടി രോഗം ഭേദമായി. 2,20,171 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.9 ശതമാനമാണ് രോഗമുക്തി നിരക്ക്. 188 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1448 ആയി ഉയർന്നു. ഇതിൽ 428 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
കോവിഡ് വാക്സിേനഷന് മികച്ച പ്രതികരണമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ കഴിഞ്ഞ ദിവസം 45 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കായി മെഗാ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചിരുന്നു. ഇവിടെ ആദ്യ ദിനത്തിൽ മൂവായിരത്തിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. കോർപറേറ്റ് കമ്പനികളും തൊഴിലാളികളെ വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികൾ ബന്ധപ്പെട്ട കമ്പനികൾ ഒരുക്കുന്ന ക്രമീകരണത്തിൽ വേണം വാക്സിനേഷന് വിേധയമാകാനെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാൻ നിരവധി പേരും എത്തുന്നുണ്ട്. ആസ്ട്രാ സെനകയുടെ രണ്ട്
ഡോസിന് 22 റിയാലാണ് സ്വകാര്യാശുപത്രികളിലെ നിരക്ക്. നിലവിലെ രീതിയിൽ വാക്സിനേഷൻ പുരോഗമിക്കുന്ന പക്ഷം ഈ വർഷം ഡിസംബറിനുള്ളിൽ ജനസംഖ്യയുടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ 15 വരെയുള്ള കണക്ക് പ്രകാരം 6.48 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ 12.7 ശതമാനമാണിത്. പ്രതിദിനം 33,844 ഡോസ് എന്ന കണക്കിനാണ് വാക്സിൻ നൽകിയത്. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ബർക്കയിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി തെക്കൻ ബാത്തിന നഗരസഭ അറിയിച്ചു.
രാജ്യത്ത് ഉയരുന്ന കോവിഡ് മരണസംഖ്യ ആരോഗ്യ മേഖലയനുഭവിക്കുന്ന സമ്മർദത്തിെൻറ സൂചനയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ.അമൽ ബിൻത് സൈഫ് അൽ മആനി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെ ആശുപത്രികളിലെല്ലാം ശേഷിയേക്കാളധികം രോഗികൾ ചികിത്സയിലുണ്ട്.
മഹാമാരി ആരംഭിച്ച ശേഷമുളള പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് ഒമാൻ കടന്നുപോകുന്നത്. പെരുന്നാളിനുശേഷമുള്ള രോഗ വ്യാപനത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം കൺസൾട്ടൻറ് ഡോ. സൈദ് അൽ ഹിനായി പറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പുതിയ വകഭേദങ്ങൾ വ്യാപിച്ചതും ആളുകൾ ഒത്തുചേരലുകളുടെ ഭാഗമായതുമെല്ലാം വ്യാപനത്തിന് കാരണമായി.
ഇന്ത്യയിൽനിന്നുള്ള ഡെൽറ്റാ വകഭേദത്തിന് പുറമെ ബ്രിട്ടൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളും ഒമാനിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡിെൻറ രണ്ടാം തരംഗത്തിൽ നിരവധി മലയാളികളും മരിച്ചിട്ടുണ്ട്. നിരവധി പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.