മസ്കത്ത്: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിൽ അനുശോചനവും സാന്ത്വനവും പകർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിലെത്തി. സുൽത്താനെയും പ്രതിനിധി സംഘത്തെയും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു സഹാബ് കുടുംബാംഗങ്ങൾ എന്നിവരെ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു.
അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശൈഖ് നവാഫിന്റെ വിയോഗംമൂലമുണ്ടായ വേദനമറികടക്കാൻ അസ്സബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും മനഃശക്തി നൽകാൻ സർവശക്തനായ അല്ലാഹുവിനോടു പ്രാർഥിക്കുകയാണെന്നും സുൽത്താൻ പറഞ്ഞു. കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് സയ്യിദ് ഫൈസൽ ബിൻ ഹമൂദ് അൽ ബുസൈദി, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസി എന്നിവരും സുൽത്താന്റെ കൂടെയുണ്ടായിരുന്നു. സുൽത്താനും സംഘവും വൈകീട്ടോടെ ഒമാനിൽ തിരിച്ചെത്തി.
കുവൈത്ത് അമീറിന്റെ മരണത്തെത്തുടർന്ന് ഒമാനിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പതാക താഴ്ത്തിക്കെട്ടുകയും പൊതു-സ്വകാര്യ മേഖലകളിൽ അവധി നൽകുകയും ചെയ്തു. ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്ര തലവനായിരുന്നു. സുൽത്താനേറ്റുമായി വിവിധ മേഖലകളിൽ ആഴത്തിലുള്ള സുഹൃദ് ബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്. ഭരണകാലത്ത് ഒമാനും കുവൈത്തും തമ്മിലുള്ള പരസ്പര സഹകരണവും ബന്ധവും കൂടുതൽ ശക്തമാക്കാൻ അദ്ദേഹം മുൻകൈയ്യെടുത്തു. ഈ സഹകരണം ഇരു രാജ്യങ്ങൾക്കും അതിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അമീർ വിശ്വസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.