മസ്കത്ത്: ഡെങ്കിപ്പനിക്കു കാരണമാകുന്ന ഈഡിസ് കൊതുകിനെ തുരത്താനുള്ള കാമ്പയിന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി തുടക്കംകുറിച്ചു. ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ തുടർച്ചയായ പ്രചാരണങ്ങൾ നടത്തി ഈഡിസ് കൊതുകിനെ ഇല്ലാതാക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയിലെ ആരോഗ്യകാര്യ വകുപ്പ് ഡയറക്ടർ എൻജിനീയർ അലി ബിൻ ദാഹിം അൽ ഒമ്രാനി കാമ്പയിന്റെ ലക്ഷ്യങ്ങൾ അവലോകനം ചെയ്തു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ സഹകരണത്തോടെ കൊതുകുകളെ നേരിടാൻ 16 ടീമുകൾ രൂപവത്കരിക്കുകയും ചെയ്തു. വിലായത്തുകളിൽ 1599 കാമ്പയിനുകൾ നടപ്പാക്കി സമൂഹത്തിൽ അവബോധം വളർത്തുകയും കൊതുക് പ്രജനനകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള 5567 നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യും. കൊതുകുകളെ തുരത്താനായി നടത്തുന്ന സ്പ്രേ പ്രവർത്തനങ്ങൾക്കും കാമ്പയിനിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കമ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ ബിൻ ഹമദ് അൽ സുനൈദി പറഞ്ഞു.
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ സഈദ് അൽ സാദി അവലോകനം ചെയ്തു. കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഇവ പരിമിതപ്പെടുത്താൻ കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായി ഈഡിസ് കൊതുകിനെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രദർശനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.