സലാല: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ വിമാനങ്ങളുടെ സർവിസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയതായി പ്രവാസി വെൽഫെയർ സലാല.
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ വലിയ തോതിൽ റദ്ദ് ചെയ്തത് വലിയ തുക കൊടുത്തു ടിക്കറ്റ് വാങ്ങി ദൂരങ്ങൾ താണ്ടി എയർപോർട്ടിലെത്തിയവരോട് ചെയ്ത അനീതിയും അവഗണനയുമാണെന്നും ഇരകളാക്കപ്പെട്ടവർക്ക് അടിയന്തര യാത്രാ സൗകര്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിലിടപെടണമെന്നും പ്രവാസി വെൽഫെയർ വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. അവശ്യ സർവിസുകൾ സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കുന്നത് മൂലം ഉണ്ടാകുന്ന പരിണിതഫലങ്ങളാണ് ഇത്തരം പ്രതിസന്ധികൾ.
പ്രവാസികൾ കൂടുതലായി യാത്ര ചെയ്യുന്ന സ്കൂൾ അവധിക്കാലത്തെ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കുകൾ കുറക്കണമെന്നും സലാലയിൽനിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസ് പുനരാരംഭിക്കുകയും മറ്റ് എയർപോർട്ടുകളിലേക്ക് കൂടുതൽ സർവിസുകൾ തുടങ്ങുകയും വേണമെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് ആവശ്യപ്പെട്ടു.
തസ്റീന ഗഫൂർ, വഹീദ് ചേന്ദമംഗലൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, കെ സൈനുദ്ദീൻ, സിദ്ദീഖ് എൻ.പി, സാജിത ഹഫീസ്, മുസ്തഫ.കെ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.