മസ്കത്ത്: രാജ്യത്തെ ഔദ്യോഗിക മുദ്രകൾ അനുമതിയില്ലാതെ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ സുല്‍ത്താനേറ്റിന്റെയും രാജകീയ കിരീടത്തിന്റെയും ലോഗോ ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ മന്ത്രാലയം പിടിച്ചെടുക്കുകയും ചെയ്തു. ചില വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലെ ചില അക്കൗണ്ടുകളും ഇത്തരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ, രാജകീയ ചിഹ്നങ്ങള്‍, ഖഞ്ചര്‍, സുല്‍ത്താനേറ്റിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. മുദ്രകൾ പരസ്യങ്ങളിലോ ഉൽപന്നങ്ങളിലോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വാണിജ്യ സ്ഥാപനങ്ങളും കമ്പനികളും അവരുടെ അപേക്ഷകൾ മന്ത്രാലയത്തിലെ കോമേഴ്സ് ജനറൽ ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കണം. അല്ലെങ്കിൽ വിവിധ ഗവർണറേറ്റുകളിലെ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡയറക്ടറേറ്റുകളിലേക്കോ അപേക്ഷിക്കാം. പരസ്യത്തിന്റെയും ഉൽപന്നങ്ങളുടെയും മാതൃകകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.