മസ്കത്ത്: കനത്ത മഴയിൽ റോഡുകളിലെ തടസ്സം നീക്കി ഗതാഗതം സുഗമമാക്കാനുള്ള ഊർജിത ശ്രമവുമായി അധികൃതർ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും മുനിസിപ്പാലിറ്റികളുമാണ് വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളിലെ റോഡുകളിലേക്കുവീണ വലിയ പാറകളും കല്ലുകളും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് നീക്കംചെയുന്നത്. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനുള്ള പ്രവൃത്തിയും നടന്നുവരുകയാണ്.
തകർന്ന റോഡുകളിൽനിന്ന് മണ്ണുകളും പാറകളും നീക്കം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ നുസൈരി പറഞ്ഞു. സിനാവ്-മഹൂത്ത് റോഡിലെ തടസ്സങ്ങൾ അതിവേഗം നീക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഖുറയിത്ത്-സൂർ ഇരട്ടപ്പാതയിലെ പാറകളും മന്ത്രാലയം അധികൃതർ എടുത്തുമാറ്റി. ശർഖിയ എക്സ്പ്രസ്വേ, അൽ ഫുലൈജ്-വാദി ബാനി ജാബിർ റോഡ്, അൽ കാമിൽ വാൽ വാഫി-സുർ റോഡ്, വാദി അൽ സിൻ, വാദി ബാനി ഖരൂസ് എന്നീ റോഡുകളിലും സമാനമായ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽനിന്നും മറ്റുമായി നിരവധിപേരെ ഒഴിപ്പിച്ച് അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് ഹെലികോപ്റ്ററുകൾ റോയൽ എയർഫോഴ്സ് ഓഫ് ഒമാനുമായി ഏകോപിപ്പിച്ച് നിരവധി രക്ഷാപ്രവർത്തനങ്ങളും നടത്തി.
90 രക്ഷാപ്രവർത്തനങ്ങൾ നടന്നതായി റോയൽ ഒമാൻ പൊലീസിലെ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മേജർ റുക്ൻ അലി ബിൻ അബ്ദുല്ല അൽ കസ്ബി പറഞ്ഞു. ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളും സജ്ജമാണ്. റോയൽ ഒമാൻ പൊലീസും ഒമാൻ റോയൽ എയർഫോഴ്സും ചേർന്ന് ഏഴ് രോഗികളെ എയർലിഫ്റ്റ് ചെയ്തു. വാഹനാപകടങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായും നാലുപേരെ മുങ്ങിമരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.മുഹമ്മദ് ബിൻ സെയ്ഫ് അൽ ബൗസാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.