സുഹാർ: പെരുന്നാളിനോടനുബന്ധിച്ച് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും വിലക്കിഴിവിന്റെ പൂക്കാലം തീർക്കുകയാണ് കച്ചവടക്കാർ. വിപണി കൊഴുപ്പിക്കാൻ പാകത്തിൽ നിരവധി കിഴിവുകൾ നൽകിയും ഒന്നിനോടൊന്ന് ചേർത്ത് ഒന്നിന്റെ വിലയിൽ വിറ്റും പരസ്പരം മത്സരിക്കുകയാണ്. സ്റ്റോക്കുകൾ എത്തുന്നമുറക്ക് പരമാവധി വില കുറച്ച് പെട്ടെന്ന് വിറ്റുതീർക്കുന്ന പുതിയ കച്ചവടതന്ത്രമാണ് പലരും പയറ്റുന്നത്. റെഡിമെയ്ഡ് കച്ചവടവും പൊടിപൊടിക്കുകയാണ്.
വേനലവധിയും പെരുന്നാളും ഒരുമിച്ചു വന്നതോടെ കുടുംബവുമായി നാട്ടിൽ പോകുന്നവരും സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ട്. കഠിനമായ ചൂടുകാരണം പകൽ സമയങ്ങളിൽ കച്ചവട സ്ഥാപനത്തിൽ ആളുകൾ എത്തുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ഹൈപ്പർ മാർക്കറ്റ് പ്രതിനിധികൾ പറയുന്നു. മുമ്പെങ്ങും ഇല്ലാത്ത ഓഫർ മത്സരങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്. തൊട്ടടുത്ത സ്ഥാപനത്തിൽ വിലക്കുറവ് ശ്രദ്ധയിൽപെട്ടാൽ അതിൽനിന്ന് പത്ത് ബൈസയെങ്കിലും കുറച്ച് അടുത്ത സ്ഥാപനം വിൽപനക്ക് വെക്കും. വാരാന്ത്യ ഓഫർ, മാസാന്ത്യ ഓഫർ, സർപ്രൈസ് ഓഫർ എന്നിങ്ങനെ പുതിയ ട്രെന്റിലും അടിക്കുറിപ്പിലും ഓഫറുകളുടെ ബുക്ക് ലെറ്റുകളും ഇറക്കിയിട്ടുണ്ട്.
വാട്സ്ആപ്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും ഉപഭോക്താക്കളെ തേടി ഓഫർ പരസ്യങ്ങൾ വരുന്നുണ്ട്. ഇതെല്ലാം താരതമ്യം ചെയ്താണ് പലരും ഏതു സ്ഥാപനത്തിൽനിന്നാണ് സാധനങ്ങൾ എടുക്കുന്നതെന്ന് തീരുമാനിക്കുന്നത്. വിലയും ഗുണമേന്മയും ഉറപ്പാക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നുള്ള കർശന പരിശോധനയും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.