മസ്കത്ത്: സാേങ്കതിക തകരാർ കാരണം ഒമാൻ എയർ വിമാനത്തിന് അടിയന്തര ലാൻഡിങ്. ബംഗളൂരുവിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വിമാനമാണ് അൽപസമയം കഴിഞ്ഞ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായും യാത്രക്കാർക്ക് അസ്വസ്ഥതകൾ ഒന്നുമില്ലാതെയും തിരിച്ചിറക്കിയതായി ഒമാൻ എയർ അറിയിച്ചു.
ഡബ്ല്യു.വൈ 737-800 വിമാനം തിങ്കളാഴ്ച രാവിലെ പതിവിലും ഒന്നരമണിക്കൂറോളം വൈകി 10.25നാണ് മസ്കത്തിൽനിന്ന് പുറപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളും ആറ് വിമാനജോലിക്കാരുമടക്കം 154 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പറന്നുയർന്ന് അധികം വൈകാതെ സാേങ്കതിക തകരാർ ദൃശ്യമായതിനെ തുടർന്ന് വിമാനത്താവളത്തിൽ സന്ദേശം നൽകിയ ശേഷം തിരിച്ചുപറക്കുകയായിരുന്നു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നേരിടുന്നതിനായി ഫയർ എൻജിനുകൾ, ആംബുലൻസ് തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഒരാശങ്കയുമില്ലാതെ വിമാനം തിരിച്ചിറക്കാനും യാത്രക്കാരെ സുഗമമായി വിമാനത്തിന് പുറത്തെത്തിക്കാനും സാധിച്ചതായി ഒമാൻ എയർ വാർത്താകുറിപ്പിൽ അറിയിച്ചു.
യാത്രക്കാരെ വൈകീട്ട് മൂന്നിന് മറ്റൊരു വിമാനം ഏർപ്പെടുത്തി നാട്ടിലേക്ക് അയക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജീവനക്കാർക്ക് നൽകുന്ന മികച്ച സുരക്ഷാപരിശീലനമാണ് സുഗമമായ തിരിച്ചിറക്കലിന് സഹായകരമായതെന്നും ഒമാൻ എയർ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ എല്ലാവിധ സഹകരണവും സഹായവും നൽകിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്കും റോയൽ ഒമാൻ പൊലീസ്, ഒമാൻ എയർപോർട്ട് മാനേജ്മെൻറ് കമ്പനി, സിവിൽ ഡിഫൻസ് എന്നിവർക്കും കമ്പനി നന്ദി അറിയിച്ചു. വിമാനത്താവളത്തിലേക്ക് ഫയർ എൻജിനുകളും ആംബുലൻസുകളുമെല്ലാം എത്തുന്നത് കണ്ട് വിമാനത്താവളത്തിലെത്തിയ മറ്റുയാത്രക്കാർ പരിഭ്രാന്തിയിലായി. പിന്നീടാണ് അടിയന്തര ലാൻഡിങ് ആണെന്നത് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.