മത്ര: എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്കിയതോടെ അത്യാവശ്യ യാത്രക്കായി പ്രവാസികൾ നാടണയുന്നത് വളഞ്ഞുപുളഞ്ഞ വഴികളിലൂടെ. യാത്രാ പ്രതിസന്ധി രൂക്ഷമായി തുടരുമെന്നറിഞ്ഞതോടെയാണ് പലരും കൂടുതൽ കാഷ് നൽകി യാത്രതിരിച്ചത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ദുരിതത്തിലായത് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടതും ഒമാനിലേക്ക് വരേണ്ടതുമായ യാത്രക്കാരാണ്. മേയ് 16ന് നടക്കേണ്ട കല്യാണ ഒരുക്കങ്ങള്‍ക്കായി വ്യാഴാഴ്ച പോകാനൊരുങ്ങിയ മത്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സഫ്വാന് ഒടുവില്‍ പോയത് വളഞ്ഞ് പുളഞ്ഞുള്ള യാത്രാ വഴിയിലൂടെയാണ്.
ഒമാനില്‍നിന്നും അബൂദബിയിലേക്കും അവിടുന്ന് ബംഗളൂരുവിലേക്കുമുള്ള ഇത്തിഹാദ് എയര്‍ലൈന്‍ വിമാനത്തിലാണ് യാത്ര പോയത്. അതുപോലെ അസുഖ ബാധിതനായി ഒമാനില്‍ കഴിയുന്ന ഭര്‍ത്താവിനെ പരിചരിക്കാന്‍ നാട്ടില്‍ നിന്ന് വരാന്‍ ടിക്കറ്റെടുത്ത സ്ത്രീയോട് അടുത്തയാഴ്ച യാത്ര ചെയ്താല്‍ പോരേ എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ചോദിച്ചതത്രെ.
ഹൃദ്രോഗ ബാധിതനായി കഴിയുന്നയാള്‍ക്ക് അടിയന്തിര സഹായത്തിന് വരുന്നവരോടാണ് ഇത്തരം നിരുത്തരവാദപരമായ സമീപനം അധികൃതർ പ്രകടിപ്പിച്ചത്. അതേസമയം, സ്കൂൾ വേനലവധി കഴിഞ്ഞ് ജൂണിൽ സ്കൂൾ തുറക്കുമ്പോഴേക്കും നാട്ടിലെത്താന്‍ ടിക്കറ്റ് എടുക്കാനായി നോക്കുന്നവരും പുതിയ പ്രതിസന്ധിയെ ആശങ്കയോടെയാണ് കാണുന്നത്.
താല്‍ക്കാലികമായി രണ്ട് മൂന്ന് മാസത്തേക്ക് ഫ്ലാറ്റുകള്‍ കരാറടിസ്ഥാനത്തില്‍ വാങ്ങി തിരികെ നല്‍കേണ്ട സമയത്ത് അതിന് പറ്റുമോ എന്നതും വിഷമവൃത്തത്തിലാക്കുന്നുണ്ട്. വിമാന ജീവനക്കാർ കൂട്ടത്തോടെ സിക് അവധി എടുത്തതോടെ തടസ്സപ്പെട്ട സർവിസ് എന്ന് നേരെയാകുമെന്ന് ഒരു ധാരണയും ആര്‍ക്കുമില്ല. അധികൃതരുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടികളും ലഭിക്കുന്നില്ല. അതേസമയം യാത്രക്കാരുടെ ലഗേജില്‍ അനുവദിച്ചതിലും ഒന്നോ രണ്ടോ കിലോ കൂടിയാല്‍ കണിശതയോടെ വലിയ ചാര്‍ജ് ഈടാക്കുന്നവരും ഗതാഗത കുരുക്കിലോ അപകടങ്ങളിലോപെട്ട് വിമാനത്താവളത്തിലേക്ക് എത്തിപ്പെടാന്‍ വൈകിപ്പോയാല്‍ ബോഡിങ്ങ്പാസ് നല്‍കാതെ യാത്ര അനുവദിക്കാതിരിക്കുന്നവരില്നിന്നും ഉണ്ടാകുന്ന യാത്രാ തടസങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരങ്ങള്‍ നല്കാന് സംവിധാനമുണ്ടാക്കണമെന്ന് യാത്രക്കാർ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് 2022 ജനുവരിയിലാണ് ടാറ്റ വിലക്ക് വാങ്ങി ഏറ്റെടുക്കുന്നത്. അതോടെ വിമാനത്തിന്റെ ശനിദശ മാറുമെന്ന് കരുതിയിരുന്നവരൊക്കെ ഇപ്പോൾ തിരുത്തിപ്പറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.