പ്രവാസവും മാറ്റത്തിന്‍റെ പാതയിലാണ്​

കോവിഡിന്‍റെ ഭീതിയകലാത്ത സാമൂഹിക സാഹചര്യത്തിൽ വീണ്ടുമൊരു പ്രവാസി ദിനമെത്തുകയാണ്​. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന് ബോംബെയിൽ എത്തിയ 1915 ജനുവരി ഒമ്പത് അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ പ്രവാസി ദിനം. 2003 മുതൽ സമുചിതമായി ആചരിക്കുന്ന ഈ ദിനം, കോവിഡ്​ കാരണം മറ്റുചടങ്ങുകളെല്ലാം മുടങ്ങിയതുപോലെ ഏതാനും വർഷങ്ങളായി സാധാരണപോലെ കടന്നുപോവുകയാണ്​.

എങ്കിലും, ഓരോ വർഷവും ലോകമെങ്ങുമുള്ള ​ഇന്ത്യൻ പ്രവാസികൾക്കു​ മുന്നിലെ വെല്ലുവിളികളും പ്രതിസന്ധികളും കൂടുതൽ രൂക്ഷമാവുന്നതേയുള്ളൂ. പ്രത്യേകിച്ച്​ കോവിഡിൽ പുതിയ​ തൊഴിൽ നഷ്ടങ്ങൾ കൂടുകയും, സാഹചര്യങ്ങൾ മാറിമറിയുകയും ചെയ്ത പശ്ചാത്തലത്തിൽ. ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) കണക്കനുസരിച്ച് ലോകത്ത് മൊത്തം 281 മില്യൺ കുടിയേറ്റക്കാരുണ്ട്. ഇതാവട്ടെ, ലോക ജനസംഖ്യയുടെ 3.6 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാർ ഇന്ത്യക്കാരാണ്. മൊത്തം18 ദശലക്ഷം.

പ്രവാസികളുടെ സംഭാവന

പ്രവാസികൾ 2020ൽ നാട്ടിലേക്ക് അയച്ചത് 83 ബില്യൺ ഡോളറാണ്​ എന്നാണ്​ കണക്കുകൾ. ഇന്ത്യൻ ജി.ഡി.പിയുടെ 3.1 ശതമാനവും ഇന്ത്യൻ ഫോറിൻ റിസർവിന്‍റെ 13 ശതമാനവും ആണിത്. കോവിഡ് പ്രതിസന്ധിയിൽ വലിയ താഴ്ച ഈ രംഗത്ത് പ്രവചിച്ചിരുന്നുവെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തി 0.2 ശതമാനം മാത്രം കുറവാണ് വന്നത്. നാട്ടിലുള്ളവരെ സഹായിക്കാനായി പ്രവാസികൾ കാണിക്കുന്ന ആവേശമാണ്​ ഇതിന് പിന്നിൽ.

ഡിസംബർ 31ന് ഇന്ത്യൻ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യ നടത്തിയ അന്താരാഷ്ട്ര നിക്ഷേപത്തിൽ പ്രവാസികളുടെ പങ്ക് 2021 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് 37.3 ബില്യൺ ഡോളർ വർധന രേഖപ്പെടുത്തി. ഇനി കേരളത്തിലേക്ക് വരുകയാണെങ്കിൽ കേരളീയ ജനസംഖ്യയുടെ 10 ശതമാനം പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്നവരെക്കൂടി കണക്കിലെടുത്താൽ 40 ശതമാനം പേരും പ്രവാസി പണംകൊണ്ട് നേരിട്ട് ജീവിക്കുന്നവരാണ്. കേരളത്തിന്‍റെ മൊത്തം വരുമാനത്തി​ന്‍റെ 30 ശതമാനവും പ്രവാസി സംഭാവനയാണ്.

കുടിയേറ്റത്തിന്‍റെ പുതിയ മേഖലകൾ

ഗൾഫ് പ്രവാസത്തിന്‍റെ സാധ്യതകൾ കുറയുന്നത് ഏറെ ആശങ്ക ഉയർത്തുന്നു. എണ്ണവില തകർച്ചയും സ്വദേശിവത്കരണവും പിന്നാലെ വന്ന കോവിഡും ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടുത്തി. എന്നാൽ, അതേ ഘട്ടത്തിൽ പ്രവാസത്തിന്‍റെ പുതിയ ഇടനാഴികൾ തുറക്കുന്നത് ശുഭോദർക്കമാണ്. ജപ്പാനിൽ 2023 അവസാനമാവുമ്പോഴേക്കും 14 തൊഴിൽ മേഖലകളിലേക്കായി 3,23,150 പേരെയാണ് നിയമിക്കാൻ പോകുന്നത്. സ്​പെസിഫൈഡ്​ സ്കിൽ വർക്കേഴ്​സ്​ (എസ്​.എസ്​.ഡബ്ല്യൂ) എന്ന പേരിലറിയപ്പെടുന്ന ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ ഒപ്പിട്ടു.

നഴ്സിങ് കെയർ, ബിൽഡിങ് ക്ലീനിങ് ആൻഡ് മാനേജ്മെന്‍റ്, മെഷീൻ പാർട്സ് ആൻഡ് ടൂളിങ് വ്യവസായങ്ങൾ, വ്യവസായ മെഷിനറി വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വ്യവസായം, നിർമാണ വ്യവസായം, ഷിപ്പിങ്, ഷിപ്പിങ് മെഷിനറി വ്യവസായം, ഓട്ടോമൊബൈൽ റിപ്പയർ, മെയിന്‍റനൻസ്, ഏവിയേഷൻ വ്യവസായം, ഹോസ്പിറ്റാലിറ്റി, ഭക്ഷണ പാനീയങ്ങളുടെ നിർമാണം, കാറ്ററിങ് സർവിസ് തുടങ്ങി 14 മേഖലകളിലേക്ക് ഉദ്യോഗാർഥിയിൽനിന്ന് ഒരു ഫീസും വാങ്ങാതെ റിക്രൂട്ട്മെന്‍റ്​ നടക്കുന്നു. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ നവംബറിലും ഡിസംബറിലും റിക്രൂട്ട്മെന്‍റ്​ നടക്കുകയുണ്ടായി.

കേരള സർക്കാറിന്‍റെ നേതൃത്വത്തിലും പുതിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെൻറ് നടത്തിക്കൊണ്ടിരിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും റിക്രൂട്ട്മെൻറിനായി കരാറുകൾ ഒപ്പിട്ടു. ട്രിപ്ൾവിൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്‍റ്​ പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർതലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്ൾവിൻ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിങ് ഒഴിവുകൾ ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്‌സിങ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർഥികളെ റിക്രൂട്ട്ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോർക്ക റൂട്ട്‌സ്.

അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ

പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾ ഏറെക്കാലമായി പരിഹാരം കാണാതെ കിടക്കുകയാണ്. സുപ്രീംകോടതിയുടെ വിധിയുണ്ടായെങ്കിലും വോട്ടവകാശം പൂർണാർഥത്തിൽ ലഭിച്ചിട്ടില്ല. വോട്ടവകാശം ലഭിച്ചാൽ തന്നെ നമ്മുടെ പ്രശ്നങ്ങൾക്ക് ഏറെ പരിഹാരമാവും. ഭീമമായ തുക സർക്കാറുകൾക്ക് ലഭിക്കുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിന് ഉതകുന്നതരത്തിൽ നേരിട്ടുള്ള ഒരു പദ്ധതിയും കേന്ദ്ര സർക്കാർ തുടങ്ങിയിട്ടില്ല. കേരള സർക്കാർ മുപ്പതിലധികം പദ്ധതികൾ നടപ്പാക്കുന്നു. എന്നാൽ, ഇവ ഗുണഭോക്താക്കളിൽ എത്തിക്കുന്ന നടപടികൾ ഉണ്ടാവണം.

പദ്ധതികളിൽ കാലോചിത മാറ്റങ്ങൾ വേണം. പുതിയ പദ്ധതികളും ആസൂത്രണം ചെയ്യണം. പ്രവാസികളുടെ യാത്രാ പ്രയാസങ്ങൾക്ക് ഇനിയും കൃത്യമായ പരിഹാരം ലഭ്യമാവണം​. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കോടതിവിധി മൂലം നൽകുന്ന 50,000 രൂപ സഹായം വിദേശത്തുവെച്ച് മരിച്ചവർക്ക് നൽകാൻ അനുമതി നൽകിയിട്ടില്ല. നാലായിരത്തോളം പേർ വിദേശത്ത് കോവിഡ് മൂലം മരിച്ചതായി കണക്കാക്കുന്നു. ഇവർക്ക് നൽകേണ്ട തുക സർക്കാറുകൾക്ക് ഒരു ബാധ്യതയുമില്ലാതെ ഐ.സി.ഡബ്ല്യു ഫണ്ടിൽനിന്ന് നൽകാവുന്നതാണ്. പ്രസ്തുത ഫണ്ടിൽ 174 കോടി രൂപ മിച്ചെമുണ്ടെന്ന് പാർലമെന്‍റ്​ രേഖകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Exile is also on the path of change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.