മസ്കത്ത്: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടാനുള്ള ഇന്ത്യൻ സർക്കാറിെൻറ തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. നിലവിൽ ഒമാനിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് ഉള്ളത്. സാധാരണ വിമാന സർവിസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്ൾ ധാരണ പ്രകാരമുള്ള സർവിസുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളും ഡിസംബർ അവസാനം വരെ തുടരാനാണ് സാധ്യത.
ഒക്ടോബർ ആദ്യത്തിലാണ് എയർ ബബ്ൾ ധാരണ പ്രകാരം ഇന്ത്യക്കും ഒമാനുമിടയിൽ വിമാന സർവിസുകൾ തുടങ്ങിയത്. ഒരു വശത്തേക്ക് ആഴ്ചയിൽ പതിനായിരം സീറ്റ് എന്നതായിരുന്നു ധാരണ. എന്നാൽ ഒമാനിലേക്ക് എത്തിയ യാത്രക്കാരിൽ കോവിഡ് ബാധിതർ കൂടിയതിനെ തുടർന്ന് പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായി കുറച്ചു. ഇതേ തുടർന്ന് സ്വകാര്യ വിമാന കമ്പനികളോട് സർവിസ് നിർത്തിവെക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം നിർദേശിച്ചു. ദേശീയ വിമാന കമ്പനികൾ മാത്രമാണ് നവംബർ രണ്ടാം വാരം മുതൽ സർവിസ് നടത്തുന്നത്. ഇതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. ഡിസംബറിലും ഉയർന്ന നിരക്കുകളാണ് ഉള്ളതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇനി ജനുവരിയിലേക്ക് മാത്രം പ്രതീക്ഷിച്ചാൽ മതി. രോഗികളുടെ എണ്ണം കുറയുന്ന പക്ഷം എയർ ബബ്ൾ സീറ്റുകൾ ഇരട്ടിയാക്കാനുള്ള വിദൂര സാധ്യത മാത്രമാണ് ഉള്ളതെന്നും ഇവർ പറയുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിന് ഒപ്പം ക്വാറൻറീൻ, കോവിഡ് പരിശോധനാ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്ത് നാട്ടിലേക്ക് പോക്ക് നീട്ടിവെക്കാൻ പലരും തീരുമാനമെടുത്തുകഴിഞ്ഞു.
ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം കേരളത്തിലേക്കുള്ള പല വിമാനങ്ങളിലും ആളുകൾ കുറവാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ആഴ്ചയിൽ ഒന്നും രണ്ടും സർവിസുകൾ മാത്രമാണ് ഉള്ളത്. അതിനാൽ, അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ടിവരുന്നവർക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകാൻ തയാറാണെങ്കിൽ പോലും വിമാനം കിട്ടാത്ത അവസ്ഥയുമുണ്ട്. നിരക്ക് കുറവായതിനാൽ എയർ അറേബ്യയുടെ ഷാർജ വഴിയുള്ള കണക്ഷൻ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവരുമുണ്ട്. ഷാർജ വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയമടക്കം എട്ട്, 13 മണിക്കൂറുകളെടുത്താണ് ഇവർ നാട്ടിലെത്തുന്നത്. വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറൻറീൻ നിബന്ധന ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിലും നടപ്പിലാക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.