മസ്കത്ത്: ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിൽ അംഗീകാരം നൽകിയതോടെ നടപടികൾക്ക് വേഗമേറി. 2025ഓടെ വിസ പ്രാബല്യത്തിൽ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ ചുമതലപ്പെടുത്തുകയും ചെയ്തു.
നവംബർ ആദ്യവാരം ഒമാനിൽ ചേർന്ന ജി.സി.സി ആഭ്യന്തര മന്ത്രിതല സമിതി ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം നൽകിയിരുന്നു. 2022 നവംബറിൽ അൽ ഉലയിൽ നടന്ന യോഗത്തിലാണ് ഗൾഫ് ടൂറിസം തന്ത്രത്തിന്റെ ഭാഗമായി ഏകീകൃത ഗൾഫ് വിസയെ കുറിച്ചുള്ള ആശയം മുന്നോട്ടുവെക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ഒമാനിലെ മനഅ വിലായത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരും നവംബറിൽ ആഭ്യന്തര മന്ത്രിമാരും പിന്നീട് ഏകകണ്ണ്യമായി അംഗീകാരം നൽകുകയും ചെയ്തു.
ഏകീകൃത ടൂറിസം വിസക്കുള്ള അംഗീകാരം ടൂറിസം മേഖലയുടെ അടിസ്ഥാന ശാക്തീകരണത്തെയും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജി.സി.സി ബ്ലോക്കിന്റെ മത്സര സ്ഥാനത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്റൂഖി പറഞ്ഞു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനും അതുവഴി സാമ്പത്തിക വളർച്ചയുടെ ചാലകമെന്ന നിലയിൽ വിനോദസഞ്ചാരത്തിന്റെ പങ്ക് വർധിപ്പിക്കും. ഓരോ അംഗരാജ്യത്തും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നതിനും ഈ വിസ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഷെൻഗൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ വിസ നടപ്പാക്കുന്നതിന് മുമ്പ് ചില നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് സംബന്ധമായ കാര്യങ്ങളിൽ വരും ദിവസങ്ങളിലേ വ്യക്തത വരികയുള്ളു.
ഏകീകൃത ടൂറിസം വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് ടൂറിസം വിസയെടുക്കാതെ തന്നെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ഇതിനായി ഭാവിയിൽ ജി.സി.സി ഐഡി കാർഡടക്കമുള്ള സംവിധാനം നിലവിൽവന്നേക്കും. ഷെൻഗൻരാജ്യങ്ങളെപോലെ ലാൻഡ് ബോർഡ് ചെക്കിങ്ങ് ഒഴിവാകാനും സാധ്യതയുണ്ടെന്നും ടൂറിസം മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നെക്കാൾ 98.8 ശതമാനം വർധന കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.2023 -30 കാലത്തെ ഗൾഫ് ടൂറിസം നയം അനുസരിച്ച് 2030 വരെ ഓരോ വർഷവും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഏഴ് ശതമാനം വർധന ആവശ്യമാണ്.
വിനോദ സഞ്ചാരികൾ ചെലവഴിക്കുന്നത് എട്ട് ശതമാനമായും ജി.സി.സി പൗരന്മാരും താമസക്കാരും ചെലവഴിക്കുന്നത് 2.4 ശതമാനമായും ഉയരണം. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സഹകരണവും വിനോദ സഞ്ചാര വികസന പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും, ഇതിനാൽ പൊതു പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കണമെന്നും നേരത്തെ നടന്ന വിനോദ സഞ്ചാര മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.