മസ്കത്ത്: സുൽത്താനേറ്റിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ‘സുൽത്താനേറ്റ് ഓഫ് ഒമാൻ: ജുവൽ ഓഫ് ദ അറേബ്യ' പര്യവേക്ഷണ പദ്ധതിക്ക് ലണ്ടനിൽ ഔദ്യോഗിക തുടക്കമായി. സാംസ്കാരിക-കായിക-യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. വെയിൽസ് രാജകുമാരൻ വില്യം സംബന്ധിച്ചു.
1928ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ബെർട്രാം തോമസിന്റെ റുബൂഉൽ ഖാലി (എംപ്റ്റി ക്വാർട്ടർ) മരുഭൂമിയിലൂടെയുള്ള യാത്രയെ പുനരുജ്ജീവിപ്പിക്കുക, പരിസ്ഥിതി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന പര്യവേക്ഷണം, തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലെ റാസൽ ഹദ്ദിൽനിന്ന് ദോഫാർ ഗവർണറേറ്റിലെ സലാല നഗരത്തിലേക്കുള്ള തീരപ്രദേശത്തെ പിന്തുടരുന്ന ചരിത്രപരമായ പാത കണ്ടെത്തും. ഈ 30 ദിവസത്തെ യാത്ര ഒമാനി യുവാക്കളെയും ബ്രിട്ടീഷ് യാത്രാ പ്രേമികളെയും ഒരു തനതായ സാംസ്കാരിക വിനിമയത്തിൽ ഒരുമിപ്പിക്കും.
പര്യവേക്ഷണം, പൈതൃക സംരക്ഷണം, സുസ്ഥിര പാരിസ്ഥിതിക സമ്പ്രദായങ്ങൾ എന്നിവയിൽ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1928ൽ പുരാതന ഒമാനി വ്യാപാര വഴികൾ പിന്തുടർന്ന് റുബൂഉൽ ഖാലി മരുഭൂമി (ദ എംപ്റ്റി ക്വാർട്ടർ) കടന്ന ആദ്യത്തെ യൂറോപ്യനായി മാറിയ ബ്രിട്ടീഷ് പര്യവേക്ഷകനായ ബെർട്രാം തോമസിന് ആദരവ് കൂടിയാകും പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.