മസ്കത്ത്: ജബൽ അഖ്ദറിെൻറ ആകർഷണങ്ങളിൽ ഒന്നായ മാതളപ്പഴത്തിെൻറ ഉൽപാദനം ഇൗ വർഷം കുറഞ്ഞു. സാധാരണയിലും ഉയർന്ന താപനിലയും മഴയിലെ കുറവുമാണ് വിനയായത്. മുൻ വർഷത്തേക്കാൾ 60 ശതമാനം കുറവാണ് ഇക്കുറി ഉൽപാദനത്തിൽ ഉണ്ടായത്. ജബൽ അഖ്ദറിൽ ഉൽപാദിപ്പിക്കുന്ന പഴവർഗങ്ങളിൽ ഏറ്റവും വിലയേറിയതാണ് മാതളപ്പഴങ്ങൾ. കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നുമാണ് ഇത്. രുചിയേറിയ ഇൗ പഴങ്ങൾ ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കുമൊപ്പം ജി.സി.സി രാജ്യങ്ങളിലുള്ളവർക്കും വിദേശ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.
ഉൽപാദനത്തിലെ കുറവ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് കർഷകർ പറയുന്നു. ജലസേചനത്തിനായുള്ള അരുവികളിലെ ജലത്തിൽ കാര്യമായ കുറവുണ്ടായതാണ് ഉൽപാദന ഇടിവിന് പ്രധാന കാരണം. വരൾച്ചക്ക് സമാനമായ ഇൗ സാഹചര്യത്തിെനാപ്പം അന്തരീക്ഷ താപനില ഉയർന്നതും മാതളത്തിെൻറ ആരോഗ്യകരമായ വളർച്ചക്ക് തടസ്സമായതായി കർഷകർ പറയുന്നു. കാലംതെറ്റിയുള്ള മഴ ചിത്രശലഭത്തിന് സമാനമായ കീടങ്ങൾ ഉണ്ടാകുന്നതിനും വഴിവെച്ചിട്ടുണ്ട്.
ഇത് മാതളത്തിെൻറ പൂക്കളെയും വിത്തുകളെയും ബാധിക്കുമെന്നതിനാൽ അടുത്ത സീസണിലെ വിളവെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
തലമുറകളായി ജബൽ അഖ്ദറിൽ കൃഷിചെയ്തുവരുന്നതാണ് മാതളം. മാതള തോട്ടങ്ങൾ സീസണിൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലം. മൊത്തം മുപ്പതിനായിരത്തോളം മാതളമരങ്ങൾ ജബൽ അഖ്ദറിൽ ഉള്ളതായാണ് കണക്കുകൾ. മികച്ച വിളവെടുപ്പ് ലഭിക്കുന്ന സീസണുകളിൽ കർഷകർക്ക് മൂന്നു ദശലക്ഷത്തോളം റിയാലിെൻറ വരുമാനം ലഭിക്കുമെന്നാണ് ശരാശരി കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.