മസ്കത്ത്: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രിസ്തീയ വിശ്വാസികൾ ദുഃഖവെള്ളി പ്രാർഥനകളും ശുശ്രൂഷകളും അവരവരുടെ വീടുകളിൽ ഓൺലൈൻ തത്സമയ സംപ്രേഷണ ത്തിലൂടെ ദർശിച്ചു പങ്കാളികളായി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ക്രിസ്തീ യ ദേവാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. വിവിധ സഭ കളുടെ നാട്ടിൽനിന്നുള്ള പ്രാർഥന ശുശ്രൂഷകൾ ടെലിവിഷനിൽ തത്സമയം കാണിച്ചതോടെ മസ്കത്തിലെ വിശ്വാസികളും അതിൽ ഭാഗമായി.
ഓർത്തഡോക്സ് വിശ്വാസികളുടെ ദുഃഖവെള്ളി ശുശ്രൂഷകൾ മലങ്കര സഭയുടെ പരമോന്നത അധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ പരുമല പള്ളിയിലും അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പാമ്പാടി മാർ കുറിയാക്കോസ് ദയറായിലുമാണ് നടന്നത്. പുലർച്ചെ അഞ്ചര മുതൽക്കേ ശുശ്രൂഷകളുടെ നേരിട്ടുള്ള സംപ്രേഷണം ആരംഭിച്ചിരുന്നു. പ്രഭാത നമസ്കാരം, മൂന്നാംമണി നമസ്കാരം, ആറാം മണി നമസ്കാരം, ഒമ്പതാം മണി നമസ്കാരം തുടങ്ങി എല്ലാ ചടങ്ങുകളും ടെലിവിഷനിലൂടെ കണ്ട് വിശ്വാസികൾ ഭാഗമായി. ശേഷം വീടുകളിൽ നേർച്ച കഞ്ഞി, ചൊറുക്ക എന്നിവ ഉണ്ടാക്കുകയും ചെയ്തു.
മുൻ വർഷങ്ങളിൽ ദുഃഖവെള്ളി ദിവസങ്ങളിൽ റൂവിയിലുള്ള വിവിധ സഭകളുടെ പള്ളികൾ വിശ്വാസികളാൽ നിറയുമായിരുന്നു. വീട്ടുജോലികൾ ചെയ്യുന്നവർക്കും നിർമാണ മേഖലയിലെ ജോലിക്കാരുമടക്കം പരിമിതമായ സൗകര്യങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു പള്ളികളിലെ പ്രാർഥനകൾ.
പള്ളികളിലെ പ്രാർഥന അതേരീതിയിൽ വീടുകളിൽ നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നു വിശ്വാസിയായ സാബു കോശി പറഞ്ഞു. ലോകത്തെ ബാധിച്ച ഈ മാറാവ്യാധിയിൽ നിന്ന് എല്ലാവരും മുക്തി നേടട്ടെ എന്നുള്ളതാണ് എല്ലാവരും പ്രാർഥനയിൽ ഉൾക്കൊള്ളിച്ചതെന്നും സാബു കോശി പറഞ്ഞു.
ഞായറാഴ്ചയിലെ ഈസ്റ്റർ ദിന പ്രാർഥനകളും ഇതുപോലെ പ്രതീകാത്മകമായി സ്വഭവനങ്ങളിൽ നടത്തുമെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ ലളിതമായിരിക്കുമെന്നും വിശ്വാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.