മസ്കത്ത്: കഴിഞ്ഞ വർഷം നേടിയ ഗൾഫ് കപ്പ് ടി20 കിരീടം നിലനിർത്താൻ ഒമാൻ ഒരുങ്ങുന്നു. ഈ വർഷം ഡിസംബർ 13 മുതൽ 21വരെ ദുബൈയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങൾ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലാണ് നടക്കുക. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാകും ഫൈനൽ. ഒമാൻ ടീം ഡിസംബർ 11ന് യു.എ.ഇയിലേക്ക് പുറപ്പെടും. ഒമാന്റെ സമീപകാല നേട്ടങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അടുത്തിടെ നെതർലൻഡ്സിനെതിരായ ട്വന്റി20യിലെ വിജയം ടീമിന്റെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ടെന്നും ഒമാന്റെ പരിശീലകൻ ദുലീപ് മെൻഡിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മികച്ച പ്രകടനം നടത്തി ടീമിന് കിരീടം നിലനിർത്താൻ സാധിക്കുമെന്നും ഏത് വെല്ലുവിളികളും നേരിടാൻ ടീ തയാറാണെന്നും കോച്ച് വ്യക്തമാക്കി. ഡിസംബർ 14ന് ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടർന്ന് ഖത്തർ (ഡിസംബർ 15), കുവൈത്ത്( 17), ബഹ്റൈൻ (ഡിസംബർ 18), സൗദി അറേബ്യ (ഡിസംബർ 19) എന്നിവക്കെതിരെയാണ് മറ്റ് മത്സരങ്ങൾ. ഡിസംബർ 21ന് ഫൈനൽ നടക്കും. കഴിഞ്ഞ വർഷം നടന്ന പ്രഥമ ഗൾഫ് കപ്പിൽ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ഒമാൻ കിരീടത്തിൽ മുത്തമിട്ടത്. ഈ വർഷവും കിരീടത്തിൽ കുറഞ്ഞതൊന്നും ഒമാൻ ചിന്തിക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുത്ത് കിരീടം നിലനിർത്താനുളള തയാറെടുപ്പിലാണ് സുൽത്താനേറ്റ്. സമീപ കാലത്തായി ഒമാൻ നടത്തിയ ചില മുന്നേറ്റങ്ങൾ പ്രതീക്ഷക്ക് വകനൽകുന്നതാണ്. മേഖലയിലെ ക്രിക്കറ്റ് രാജ്യങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കായികരംഗത്ത് വളരാനുമുള്ള മികച്ച വേദിയാണ് ഗൾഫ് കപ്പ് ട്വന്റി20. പരിചയ സമ്പന്നനായ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം വീണ്ടും കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒമാൻ ടീം: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ആമിർ കലീം, ആശിഷ് ഒഡെദേര, ഹമ്മദ് മിർസ, മുഹമ്മദ് നദീം, സുഫിയാൻ മെഹ്മൂദ്, മെഹ്റാൻ ഖാൻ, ഷക്കീൽ അഹമ്മദ്, ജയ് ഒഡെദേര, മുസാഹിർ റാസ, കരൺ സോനാവാലെ, സമയ് ശ്രീവാസ്തവ, വസീം അലി, വിനായക് ശുക്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.