മസ്കത്ത്: ഖത്തറിൽ നടക്കുന്ന ഗൾഫ് ട്വന്റി20 ഇന്റർനാഷനൽ (ട്വന്റി20 ഐ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒമാന് ആദ്യ വിജയം. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആതിഥേയരായ ഖത്തറിനെ 19 റൺസിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഒമാൻ നിശ്ചിത 20 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മെഹറാൻഖാന്റെ നേതൃത്വത്തിൽ ബൗളർമാർ നടത്തിയ മികച്ച പ്രകടനമാണ് ഖത്തറിനെ ചുരുട്ടിക്കെട്ടാൻ സഹായിച്ചത്.
നാല് ഓവറിൽ 17 റൺസ് വഴങ്ങി മെഹ്റാൻ ഖാൻ മൂന്നും ബിലാൽ ഖാൻ രണ്ടും ഫായിസ് ബട്ട് ഒരു വിക്കറ്റും എടുത്തു. അതേസമയം, രണ്ടാം കളിയിലും ഒമാന്റെ മുൻനിര ബാറ്റർമാർ ഫോമില്ലാതെ ഉഴലുന്ന കാഴ്ചയാണ് കണ്ടത്.
മുഹമ്മദ് നദീം (36), മെഹറാൻ ഖാൻ (24), ഷക്കിൽ അഹമ്മദ് (23), റൈഫുല്ല (21) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഒമാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഖത്തറിനുവേണ്ടി മുഹമ്മദ് ജാബിർ അജ്മിർ ഖാൻ 37 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു.
മിസ്റ മുഹമ്മദ് ബൈജ്, ബിപിൻ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ഖത്തർ ബാറ്റിങ് നിരയിൽ സഖ്ലൈൻ അർഷദ് (31), ജാസം ഖാൻ (26*), ഇമാൽ ലിയാങ്കെ (19) എന്നിവരൊഴികെയുള്ള മറ്റാർക്കും കാര്യമായി സംഭാവന നൽകാനായില്ല.ഒമാന്റെ മൂന്നാം മത്സരം ചൊവ്വാഴ്ച ബഹ്റൈനെതിരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.