മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥ, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, സുസ്ഥിര പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റും
സ്ഥാനാരോഹണത്തിന്റെ നാലാം വർഷത്തിലെത്തിനിൽക്കുന്ന സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കിരീടത്തിലെ ഒരു പൊൻതൂവലാണെന്ന് ഇതിനകം വിശേഷിപ്പിക്കപ്പെട്ട ഒരു വൻ പദ്ധതിയാണ് ‘ഭാവിയുടെ പൈതൃകം’ അടിസ്ഥാനമാക്കി നിർമാണത്തിലിരിക്കുന്ന ഹൈതം സിറ്റി.
സുൽത്താൻ നാടിന്റെ പ്രകൃതിഭംഗിയോടൊപ്പം ഭാവിതലമുറയുടെ അഭിലാഷങ്ങളും ലക്ഷ്യംവെച്ചുള്ളതാണ് സുസ്ഥിര വികസനത്തിനായുള്ള ബർകയിൽ നിർമാണം പുരോഗമിക്കുന്ന ഹൈതം സിറ്റി. ഒമാൻ വിഷൻ 2040 അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വിശാലമായ പദ്ധതിയുടെ തുടക്കം മുതൽ സ്വദേശികൾക്കെന്നപോലെ വിദേശികൾക്കും ഗുണമുണ്ടാകുന്ന നിരവധി ഘടകങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് ഭവന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
ഒമാൻ പിന്തുടർന്നുവരുന്ന വികേന്ദ്രീകൃത സമീപനം, അതുപോലെതന്നെ ഭൂമിശാസ്ത്രപരമായി എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുന്ന വികസനമായിരിക്കും ഈ പദ്ധതി. മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥ, സർഗാത്മക മനുഷ്യ സമൂഹം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, സുസ്ഥിര പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് പ്രത്യാശിക്കപ്പെടുന്നു.
14,800,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സുൽത്താൻ ഹൈതം സിറ്റിയുടെ നിർമാണത്തിൽ നൂതനമായ ആശയങ്ങൾ വിനിയോഗിച്ചതുവഴി ഏകദേശം 1,00,000 ആളുകൾക്ക് 20,000 ഭവന യൂനിറ്റുകളും 1,640,000 ചതുരശ്ര മീറ്ററിൽ 19 സംയോജിത അയൽപക്കങ്ങളുള്ള സെൻട്രൽ പാർക്കിനും പണി പുരോഗമിക്കുന്നു. ഹൈതം സിറ്റിക്ക് മൊത്തം 2,900,000 ചതുരശ്ര മീറ്റർ ഗ്രീൻ ഏരിയ ഉണ്ടായിരിക്കും.
പദ്ധതി ഒരുങ്ങുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ
രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനായി സ്വീകരിച്ച പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് കാര്യക്ഷമത ത്വരിതപ്പെടുത്തുകയും അതിന്റെ മത്സരശേഷിയും സർഗാത്മകതയും വർധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ബാഹുല്യം കാരണം ഒമാനിലെ വിവിധ ഡവലപ്പർമാർക്കിടയിൽ കൺസോർട്ട്യങ്ങൾ രൂപവത്കരിക്കാനുള്ള അവസരങ്ങൾ വിനിയോഗിക്കുക വഴി നിരവധി മലയാളികൾ ഉൾപ്പെടെയുള്ള സബ് കോൺട്രാക്ടർമാർ, ഡവലപ്പർമാർ എന്നിവർക്കും ഏറെ ഉപകാരപ്രദമായി. ഇത് ഒമാനി സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗുണകരമായ സന്ദേശങ്ങൾ പുറംലോകത്തേക്ക് എത്തിച്ചതുവഴി വിവിധ അന്താരാഷ്ട്ര നിക്ഷപകരിൽനിന്ന് താൽപര്യങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
സുൽത്താൻ ഹൈതം സിറ്റി പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ കാര്യമായ പ്രതിഫലനം ഉണ്ടാകുമെന്ന് ഒമാൻ റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു. ബഹുമുഖങ്ങളായ സൗകര്യങ്ങളാണ് ഈ ആധുനിക നഗരത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ പ്രധാനമാണ് ഓരോ അയൽപക്കത്തിനുമുള്ള കമ്യൂണിറ്റി കേന്ദ്രങ്ങൾ.
അവസരങ്ങളുടെ പുതുലോകം
കരാറുകാർ, ഡവലപ്പർമാർ, നിർമാണ സാമഗ്രികളുടെ വിതരണക്കാർ, കൺസൽട്ടന്റുകൾ, ബ്രോക്കറേജ് കമ്പനികൾ, വിപണന ഏജൻസികൾ തുടങ്ങി സാമ്പത്തിക വിതരണ ശൃംഖലയിലെ വ്യത്യസ്ത ബിസിനസുകൾക്കായി ഒരുപാട് അവസരങ്ങളാണ് ഹൈതം സിറ്റിയിലൂടെ തുറന്നിരിക്കുന്നത്. സുൽത്താൻ ഹൈതം സിറ്റിയുടെ പ്രോജക്ടിന്റെ രൂപകൽപന നഗരജീവിതം എന്ന സാധാരണ സങ്കൽപത്തിനപ്പുറമാണ്. വർത്തമാനകാലത്തെ കെട്ടിപ്പടുക്കുകയും ശോഭനമായ ഭാവി രൂപകൽപന ചെയ്യുന്ന ഒരു പരിഷ്കൃത സമൂഹത്തെ ഉൾക്കൊള്ളുന്നതുമായ നഗരം, ആധുനിക ജീവിതത്തെ അനുകരിക്കുന്ന സുസ്ഥിര നഗരങ്ങൾ നിർമിക്കുന്നതിനുള്ള ഒരു പുതിയ മാതൃകയായിരിക്കും.
ഹൈതം സിറ്റിക്ക് സീബ്, ബർക്ക എന്നീ നഗരങ്ങളുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പത്തിലൂടെ ഈ പ്രദേശങ്ങൾക്കും സമഗ്രമായ വികസനം സാധ്യമാകുമെന്നും പ്രത്യാശിക്കപ്പെടുന്നു. ഹൈതം സിറ്റിയുടെ സ്വാഭാവിക സവിശേഷതകൾ കാരണം ഇത് ഭവന നിർമാണത്തിനും സന്ദർശനത്തിനും ആകർഷകമായ സ്ഥലമാണെന്ന് അറബ് ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ യോഗത്തിൽ വിലയിരുത്തുകയുണ്ടായി.
സൗകര്യങ്ങൾ പ്രാപ്യമാക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, ആക്സസ് സുഗമമാക്കുന്നതിനുള്ള വിശാലമായ റോഡുകളുടെ ശൃംഖലയും കമ്യൂണിറ്റി സൗകര്യങ്ങളും അതുപോലെ തന്നെ അടുത്ത ദൂരത്തിനുള്ളിലെ സേവനങ്ങളും രൂപകൽപന ചെയ്തിരിക്കുന്നു. നഗരത്തെ ബന്ധിപ്പിക്കുന്ന പരസ്പരബന്ധിതമായ രീതിയിൽ പൊതു, സ്വകാര്യ ഗതാഗതം, കാൽനട, സൈക്കിൾ പാതകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഗതാഗത മാർഗങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ആന്തരിക ഗതാഗത ശൃംഖലയും നഗരത്തിലുണ്ട്.
സുൽത്താനേറ്റിലെ ഏറ്റവും സവിശേഷവും തിളക്കമാർന്നതുമായ ഭാവി നഗരമാണ് ഹൈതം സിറ്റി. ഒമാന്റെ തനതു മൗലികതയുമായി ചേർന്നുനിൽക്കുന്ന അതി നൂതനമായ അന്തർദേശീയ ശൈലികൾ സമന്വയിപ്പിച്ചുള്ള പുതിയ മുഖച്ഛായയായിരിക്കും ഇതുവഴി തലസ്ഥാന നഗരത്തിനു ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.