അറ്റകുറ്റപ്പണികള്‍ക്കായി വെട്ടിമുറിച്ച റോഡരികിലെ നനവില്‍ പൂണ്ടുകിടക്കുന്ന തെരുവു നായ്​ക്കള്‍. മത്ര സൂഖില്‍നിന്നുള്ള ദൃശ്യം 

ചൂട് തിരിച്ചടി; കച്ചവടക്കാരും തൊഴിലാളികളും പ്രയാസത്തിൽ

മത്ര: ചൂടിനെ ഭയന്ന് പകല്‍ നേരങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ കച്ചവട മേഖല മാന്ദ്യത്തിൽ.കോവിഡ്​ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ രാത്രി നേരത്തേ കടകള്‍ അടക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇത്​ വ്യാപാര മേഖലക്ക്​ ഇരട്ടപ്രഹരമായി.

കഴിഞ്ഞ ദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ അത്യുഷ്​ണമാണ്​ അനുഭവപ്പെടുന്നത്​. പതിയെ തുടങ്ങി ക്രമാനുഗതമായി വര്‍ധിക്കുന്ന രീതിയില്‍നിന്ന്​ വ്യത്യസ്തമായി ഇത്തവണ ചൂടുകാലം തുടക്കത്തില്‍ തന്നെ കഠിനമാണ്​. പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികളടക്കമുള്ളവരാണ്​ ഏറെ പ്രയാസം നേരിടുന്നത്​. കയറ്റിറക്ക് തൊഴിലാളികള്‍, അര്‍ബാന തള്ളി ഉപജീവനം കഴിക്കുന്നവര്‍, ക്ലീനിങ്​ തൊഴിലാളികൾ, പാചക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഇത്​ ആഘാതം സൃഷ്​ടിക്കുന്നത്. മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ഈ കാലാവസ്ഥ ഏറ്റവും പ്രയാസകരമായതാണ്​. അന്തരീക്ഷത്തിലെയും ജലോപരിതലത്തിലെയും ചൂട്​ ചേരു​മ്പോള്‍ പ്രയാസം ഇരട്ടിക്കുകയും ചെയ്യും. അതിനാൽ തന്നെ മത്സ്യബന്ധനത്തിന്​ പോകുന്നത് കുറയുകയും മത്സ്യക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്​.

വെളുപ്പിന് തന്നെ ചൂടി​െൻറ കാഠിന്യം വര്‍ധിക്കുന്നതിനാല്‍ പൈപ്പിലൂടെ വരുന്നത് ചുട്ടുപൊള്ളുന്ന വെള്ളമാണ്. രാവിലെ ജോലിക്ക്‌ പോകുന്നവർ രാത്രി കിടക്കാന്‍ നേരത്ത് തന്നെ ബക്കറ്റുകളില്‍ വെള്ളം പിടിച്ചുവെച്ച് തണുപ്പിച്ചാണ് പ്രാഥമിക ആവശ്യങ്ങളൊക്കെ നിവര്‍ത്തിക്കുന്നത്. ചൂട് കൂടിയതോടെ പക്ഷിമൃഗാദികളും ഏറെ പ്രയാസം നേരിടുന്നുണ്ട്​.

അലഞ്ഞുതിരിയുന്ന തെരുവു നായ്​ക്കളും മറ്റും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കടിയിലും കടത്തിണ്ണകളിലുമൊക്കെ ആശ്വാസം തേടി കിടക്കുന്ന കാഴ്​ചകളാണെങ്ങും. പ്രകൃതിസ്നേഹികള്‍ അങ്ങിങ്ങായി വലിയ ഡ്രമ്മുകളിലും പാത്രങ്ങളിലുമൊക്കെ വെള്ളം ശേഖരിച്ചുവെച്ചു നല്‍കുന്നതില്‍നിന്ന് കുടിച്ചും കുളിച്ചുമാണ് പക്ഷിമൃഗാദികള്‍ കനത്ത ചൂടില്‍നിന്ന്​ രക്ഷ‌ തേടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.