ചൂട് തിരിച്ചടി; കച്ചവടക്കാരും തൊഴിലാളികളും പ്രയാസത്തിൽ
text_fieldsമത്ര: ചൂടിനെ ഭയന്ന് പകല്‍ നേരങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ കച്ചവട മേഖല മാന്ദ്യത്തിൽ.കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ രാത്രി നേരത്തേ കടകള്‍ അടക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇത് വ്യാപാര മേഖലക്ക് ഇരട്ടപ്രഹരമായി.
കഴിഞ്ഞ ദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. പതിയെ തുടങ്ങി ക്രമാനുഗതമായി വര്‍ധിക്കുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ചൂടുകാലം തുടക്കത്തില്‍ തന്നെ കഠിനമാണ്. പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികളടക്കമുള്ളവരാണ് ഏറെ പ്രയാസം നേരിടുന്നത്. കയറ്റിറക്ക് തൊഴിലാളികള്‍, അര്‍ബാന തള്ളി ഉപജീവനം കഴിക്കുന്നവര്‍, ക്ലീനിങ് തൊഴിലാളികൾ, പാചക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഇത് ആഘാതം സൃഷ്ടിക്കുന്നത്. മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ഈ കാലാവസ്ഥ ഏറ്റവും പ്രയാസകരമായതാണ്. അന്തരീക്ഷത്തിലെയും ജലോപരിതലത്തിലെയും ചൂട് ചേരുമ്പോള്‍ പ്രയാസം ഇരട്ടിക്കുകയും ചെയ്യും. അതിനാൽ തന്നെ മത്സ്യബന്ധനത്തിന് പോകുന്നത് കുറയുകയും മത്സ്യക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്.
വെളുപ്പിന് തന്നെ ചൂടിെൻറ കാഠിന്യം വര്‍ധിക്കുന്നതിനാല്‍ പൈപ്പിലൂടെ വരുന്നത് ചുട്ടുപൊള്ളുന്ന വെള്ളമാണ്. രാവിലെ ജോലിക്ക് പോകുന്നവർ രാത്രി കിടക്കാന്‍ നേരത്ത് തന്നെ ബക്കറ്റുകളില്‍ വെള്ളം പിടിച്ചുവെച്ച് തണുപ്പിച്ചാണ് പ്രാഥമിക ആവശ്യങ്ങളൊക്കെ നിവര്‍ത്തിക്കുന്നത്. ചൂട് കൂടിയതോടെ പക്ഷിമൃഗാദികളും ഏറെ പ്രയാസം നേരിടുന്നുണ്ട്.
അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കളും മറ്റും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കടിയിലും കടത്തിണ്ണകളിലുമൊക്കെ ആശ്വാസം തേടി കിടക്കുന്ന കാഴ്ചകളാണെങ്ങും. പ്രകൃതിസ്നേഹികള്‍ അങ്ങിങ്ങായി വലിയ ഡ്രമ്മുകളിലും പാത്രങ്ങളിലുമൊക്കെ വെള്ളം ശേഖരിച്ചുവെച്ചു നല്‍കുന്നതില്‍നിന്ന് കുടിച്ചും കുളിച്ചുമാണ് പക്ഷിമൃഗാദികള്‍ കനത്ത ചൂടില്‍നിന്ന് രക്ഷ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.