മസ്കത്ത്: 41 വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയ നിമിഷം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ആവേശക്കൊടുമുടിയിലേറ്റി. ഈ സ്വപ്നനേട്ടം ഒമാനിലിരുന്ന് കണ്ടവരിൽ മുൻ ഇന്ത്യൻ ഹോക്കി താരവും 1978 ലെ വനിത ലോകകപ്പിൽ ഇന്ത്യൻ ടീമിെൻറ പരിശീലകനുമായിരുന്ന സയ്യിദ് അലി നഖ്വി സാഹിബുമുണ്ട്. ഈ വിജയം ഇന്ത്യ അർഹിക്കുന്നതാണെന്ന് നഖ്വി സാഹിബ് പറയുന്നു. സ്വർണമെഡൽ നേടാൻ കഴിവുള്ള ടീമായിരുന്നു. ഇത് എന്നാൽ ചില നിർഭാഗ്യങ്ങൾ മൂലം നമുക്ക് സ്വർണം കിട്ടിയില്ല. ഇനി വരുന്ന ഒളിമ്പിക്സിൽ ഈ ടീമിന് സ്വർണം നേടാനാകുമെന്ന് ഉറപ്പുണ്ട്. അതോടൊപ്പം ഇന്ന് നടക്കുന്ന വനിത ഹോക്കിയിൽ മൂന്നാം സ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തിലും ഇന്ത്യ ജയിക്കുമെന്ന് 95കാരനായ നഖ്വി സാഹിബ് പ്രത്യാശിക്കുന്നു. മലയാളി താരമായ ശ്രീേജഷ് മികച്ച കളിയാണ് കാഴ്ചവെച്ചതെന്നും നഖ്വി പറയുന്നു.
വർഷങ്ങളായി നഖ്വി ഒമാനിലാണുള്ളത്. ഒമാൻ ദേശീയ ഹോക്കിടീമിെൻറ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോക്കിയുടെ സുവ൪ണകാലഘട്ടമായിരുന്നു 1928 മുതൽ '72 വരെയുള്ള സമയം. കെ.ഡി. സിങ് ബാബുവും ദാദാ കിഷൻലാലുമൊക്കെ അരങ്ങുവാണിരുന്ന കാലത്തിെൻറ അവസാന പ്രതിനിധിയാണ് നഖ്വി സാഹിബ്. 1947 മുതൽ ഹോക്കി കളിക്കുന്ന നഖ്വി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനൊപ്പം മൈതാനത്തിലിറങ്ങിയവരിൽ ശേഷിക്കുന്ന ഏകവ്യക്തിയാണ്.
കളിക്കാരൻ എന്നതിനൊപ്പം റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു. ഇപ്പോൾ പ്രായാധിക്യം മൂലം പുറത്തൊന്നും ഇറങ്ങാറില്ല എങ്കിലും റെക്സ് റോഡിലുള്ള ഹോക്കി മ്യൂസിയം കൂടിയായ തെൻറ വസതിയിൽ ഏകാന്ത ജീവിതം നയിക്കുകയാണ് നഖ്വി. അപ്രതീക്ഷിത മെഡൽ നേട്ടം പ്രവാസികളെ ഒന്നടങ്കം ആഹ്ലാദത്തിലാക്കി. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രശംസിച്ചുള്ള പോസ്റ്റുകൾ നിറഞ്ഞു. രാവിലെ പലരും ജോലിക്കു പോയത് ഇന്ത്യൻ ടീമിെൻറ വിജയ വാർത്ത കേട്ടായിരുന്നു. ഹോക്കി ടീമിെൻറ മെഡൽ നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുനൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് അംഗങ്ങൾ മസ്കത്തിൽ ഒത്തുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.