സുഹാർ: ഇന്നുമുതൽ ഒമാനിലേക്ക് വരുന്ന എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തിൽ പ്രവാസി കുടുംബങ്ങൾ ആശങ്കയിൽ. വരുംആഴ്ചകളിൽ പല കുടുംബങ്ങളും നാട്ടിൽനിന്ന് വരാനുണ്ട്. തനിച്ചു വരുന്ന ഭാര്യയും കുട്ടികളും ഏഴുദിവസം ഹോട്ടലിൽ കഴിയണമെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഫെബ്രുവരി 28ന് വരാൻ ഭാര്യക്ക് ടിക്കറ്റ് എടുത്തിരിക്കുകയാണെന്ന് സുഹാറിലെ കച്ചവടക്കാരനായ മഷൂദ് പറയുന്നു. അപ്പോഴാണ് പുതിയ നിയമം പ്രാബല്യത്തിലാവുന്നത്. മാർച്ച് ആദ്യ വാരം വിസ കഴിയുമെന്നതിനാൽ വരാതിരിക്കാനും കഴിയാത്ത അവസ്ഥയാണ്. തനിച്ച് ഹോട്ടലിൽ താമസിപ്പിക്കാനും പറ്റാത്ത അവസ്ഥയാണ്.
ടിക്കറ്റ് എടുത്തവരുടെ സംശയങ്ങൾകൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് ട്രാവൽ രംഗത്തുള്ളവർ. 26,000ത്തിന് അടുത്താണ് കേരളത്തിൽ നിന്ന് ഒമാനിലേക്കുള്ള യാത്രനിരക്ക്. അതുകൂടാതെ നാട്ടിലെയും മസ്കത്ത് വിമാനത്താവളത്തിലെയും കോവിഡ് പരിശോധനയും ട്രാവൽ ഇൻഷുറൻസും ചേർന്ന് ഭീമമായ തുകതന്നെ വേണം ഒരു കുടുംബത്തിെൻറ യാത്രക്ക്. അതിനിടയിൽ നൂറ് റിയാലിന് മുകളിൽ ഹോട്ടൽ താമസച്ചെലവും കൂടിയാകുേമ്പാൾ പ്രവാസികളുടെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന് സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് പ്രതിനിധി അഷ്റഫ് മാന്യ പറയുന്നു. റമദാന് രണ്ടു മാസം മാത്രമാണ് ബാക്കിയുള്ളത്. വളരെയധികം വീട്ടുജോലിക്കാർ ഒമാനിലെത്തുന്ന സമയമാണിത്. അവരെ ഉൾക്കൊള്ളാൻ ഹോട്ടലുകൾ മതിയാകാതെ വരും. അതുകൊണ്ടുതന്നെ കർശനമായ നിയന്ത്രണങ്ങളോടെ മറ്റു മാർഗങ്ങൾ അധികൃതർ മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷയെന്നും അഷ്റഫ് പറയുന്നു. യാത്ര നിരോധനം ഉള്ളതിനാൽ സൗദിയിലേക്ക് പോകാൻ ഒമാൻ ഇടത്താവളമാക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അതിനാൽ, വരുംദിവസങ്ങളിൽ ഹോട്ടലുകളിൽ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്.
മസ്കത്തിനെ അപേക്ഷിച്ച് ബാത്തിന മേഖലയിൽ ഹോട്ടലുകളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ബാത്തിന മേഖലയിൽ എത്തുന്ന പ്രവാസികൾക്ക് താമസം ഒരു കടമ്പതന്നെയാണെന്ന് സുഹാറിൽ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി മുസ്തഫ പറയുന്നു. ക്വാറൻറീന് നിരവധി ഓഫറുകളുമായാണ് ഹോട്ടലുകൾ രംഗത്തുള്ളത്. താമസം, ഭക്ഷണം, വൈഫൈ സംവിധാനങ്ങൾക്ക് പുറമെ എയർപോർട്ട് പിക്ക്അപ്, എട്ടാം ദിവസത്തെ കോവിഡ് പരിശോധന എന്നിങ്ങനെ ഒാഫറുകൾ നീളുന്നു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര മാറ്റിവെക്കാൻ ആലോചിക്കുന്നവരുണ്ട്. അധിക ചെലവിന് പുറമെ ഹോട്ടലിലെയും മറ്റും താമസത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച ആശങ്കയുമാണ് യാത്ര ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള കാരണം.
കോവിഡ് വ്യാപനത്തെ തുടർന്നാണ് ഹോട്ടൽ ക്വാറൻറീൻ അടക്കം കർശന നടപടികൾ ഒമാൻ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.