മസ്കത്ത്: ഒമാനിൽ എത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ വേണമെന്ന സുപ്രീം കമ്മിറ്റി തീരുമാനം അടുത്ത തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ രാജ്യത്തെത്തുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് നിയമം ബാധകമായിരിക്കും. ഇതിെൻറ ചെലവ് യാത്രക്കാരൻ സ്വയം വഹിക്കണം. ഏത് ഹോട്ടലുകളും ബുക്ക് ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പുകൾ തയാറാക്കിയ പട്ടികയിലുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കാമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു.
സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ നിയമം ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹോട്ടൽ ബുക്കിങ് മുൻകൂട്ടി നടത്തണം. ഏഴ് രാത്രിയിലേക്കായിരിക്കണം ബുക്കിങ്. ഫെബ്രുവരി 15 മുതൽ ഒമാനിലേക്കുള്ള യാത്രക്കാരുടെ കൈവശം മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്തതിെൻറ രേഖകൾ ഉണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പുവരുത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലറിൽ നിർദേശിക്കുന്നു. മസ്കത്ത് ഗവർണറേറ്റിൽ സ്വിസ്-ബെലിൻ മസ്കത്ത്, െഎബിസ്, സെക്യുവർ ഇൻ, ഷെറാട്ടൺ, തുലിപ് ഇൻ, സോമർസെറ്റ് പനോരമ എന്നിവയാണ് മന്ത്രാലയം തയാറാക്കിയ പട്ടികയിൽ ഉള്ളത്. മുസന്ദമിൽ ദിബ്ബ ബീച്ച് ഹോട്ടൽ, ഖസബ് ഹോട്ടൽ, ദോഫാറിൽ ആൽഫ ഹോട്ടൽ സലാല, ബുറൈമിയിൽ അരീന ഹോട്ടൽ, ദാഖിലിയയിൽ അൽ ദിയാർ ഹോട്ടൽ, വടക്കൻ ശർഖിയയിൽ ഗോൾഡൻ റേസ് ഹോട്ടൽ, തെക്കൻ ശർഖിയയിൽ സൂർ ബീച്ച് ഹോട്ടൽ, വടക്കൻ ബാത്തിനയിൽ മെർക്യുർ ഹോട്ടൽ സൊളാർ എന്നിവയും പട്ടികയിലുണ്ട്.
ഹോട്ടലുകളിലെ നിർബന്ധിത ക്വാറൻറീൻ നിലവിൽവരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലേവറും. ഒരാൾക്ക് ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം 100 റിയാലിൽ അധികം ചെലവുവരും. കുടുംബമായി വരുന്നവർക്ക് ഒരു മുറിയിൽ ഒരുമിച്ച് തങ്ങാൻ കഴിയും. ബാച്ച്ലർ താമസക്കാർക്ക് പ്രത്യേക മുറികളായിരിക്കും.
സ്വദേശികളും വിദേശികളും നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താമസസ്ഥലത്തെ ക്വാറൻറീൻ നിർത്തലാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. സ്വദേശികൾ പലരും ട്രാക്കിങ് ബ്രേസ്ലെറ്റുകൾ ഉൗരി വീടുകളിലെ പ്രായമായവർ, ജോലിക്കാർ എന്നിവരെ ധരിപ്പിച്ച ശേഷം പുറത്തിറങ്ങി നടക്കുന്നതായി ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മലയാളികൾ അടക്കം വിദേശികളും ക്വാറൻറീൻ നിയമലംഘനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ബ്രേസ്ലെറ്റുകൾ കത്രിക ഉപയോഗിച്ച് മുറിച്ച ശേഷം പുറത്തിറങ്ങി നടക്കുകയും െഎസൊലേഷൻ അവസാനിക്കുന്നതിന് മുമ്പുള്ള ദിവസം ബ്രേസ്ലെറ്റ് കൈയിലിട്ട് മുറിച്ച ഭാഗം പശ ഉപയോഗിച്ച് ഒട്ടിക്കുന്നതടക്കം വഴികളാണ് മലയാളികൾ പരീക്ഷിച്ചത്.
സുപ്രീം കമ്മിറ്റി നിർദേശ പ്രകാരം ബീച്ചുകളും പാർക്കുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സേവന ഹാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കടകൾ, മാർക്കറ്റുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ഹുക്ക കഫേകൾ, ജിംനേഷ്യം എന്നിവയിൽ ഇന്നുമുതൽ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. കര അതിർത്തികൾ വഴി ട്രക്കുകൾക്ക് മാത്രമായിരിക്കും കടന്നുപോകാൻ അനുമതിയുണ്ടാവുക. വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഇന്ന് മുതൽ രണ്ടാഴ്ചേത്തക്ക് വാണിജ്യ സ്ഥാപനങ്ങൾ രാത്രി അടച്ചിടണം. രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെയാണ് അടച്ചിടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.