മസ്കത്ത്: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് പ്രവാസികളും ഒരു ഒമാനിയും ഉൾപ്പെടെ അഞ്ചുപേരെ ഏഴ് വർഷം തടവിനും 10,000 റിയാൽ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഇബ്രി കോടതി ഓഫ് അപ്പീൽ (ഫെലോണീസ് സർക്യൂട്ട്) ആണ് ശിക്ഷാവിധിച്ചത്. ഒമാനി പൗരൻ മുഹമ്മദ് ബിൻ സഈദ് ബിൻ യൂസഫ്, പാകിസ്താൻ സ്വദേശി ഷാ സെബ് മുഹമ്മദ് സാദിഖ്, ബംഗ്ലാദേശുകാരായ ഡെലോവർ ബാപ്പരി, എം.ഡി. അസിക്കൂർ, ജഹാംഗീർ അബ്ദുൾ ഖാലിക് എന്നിവരെയാണ് ശിക്ഷിച്ചതെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
അനിശ്ചിതകാല പ്രവേശന വിലക്കിനൊപ്പം ശിക്ഷ കാലാവധി പൂർത്തിയാകുന്നതോടെ നാല് പ്രവാസി പ്രതികളെയും രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏഷ്യൻ വംശജയാണ് ചൂഷണത്തിന് ഇരയായത്. മസ്കത്ത് ഗവർണറേറ്റിൽനിന്ന് ഇവരെ ഇബ്രി വിലായത്തിൽ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളടക്കം ഉപയോഗിച്ചായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത്. സമഗ്രമായ അന്വേഷണങ്ങൾക്കും തെളിവുകളുടെ ശേഖരണത്തിനും ശേഷം പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ വിചാരണക്കായി കോടതിയിലേക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.