മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ നാടിനെ നടുക്കിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇവർക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.
അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്താലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇടക്ക് പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് നേരിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രി 12 മണിയോടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ട് വീതവും വ്യാഴാഴ്ച ഒരാളുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായ തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നുവരുന്നത്.
കരാർ കമ്പനികൾ തൊഴിലിടങ്ങളിലെ സുരക്ഷ അവഗണിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യവസായ വിദഗ്ധരും പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി അറിയാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ്, നാഷണൽ കൗൺസിൽ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അംഗങ്ങളും സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.