ഇബ്രി ക്വാറി അപകടം: മൃതദേഹം ​കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നു

മസ്കത്ത്​: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്​. മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരും 11 പേർ പാക്കിസ്ഥാനികളുമാണുള്ളത്​. മൂന്നുപേരുടെ മൃത​ദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ ഇതിനകം എൻ.എ.ഒ.സി നൽകിയിട്ടുണ്ടെന്ന്​ മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്​. മറ്റ്​ രണ്ടുപേരുടെ മൃതദേഹങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ​അ​ദ്ദേഹം പറഞ്ഞു.

അപകടം നടന്ന ഉടനെ തന്നെ സ്ഥലത്ത്​ ​​വേണ്ട നടപടികൾ ചെയ്യാൻ സാമൂഹിക പ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. സർക്കാർ സംഘടനകളുമായും കമ്പനി പ്രതിനിധികളുമായും പൂർണമായി സഹകരിച്ചാണ്​ പ്രവർത്തനങ്ങൾ നടത്തുന്നത്​.

പാകിസ്ഥാൻ പൗരന്മാരുടെ 11 മൃതദേഹങ്ങളിൽ ഒമ്പതെണ്ണം നാട്ടിലെത്തിച്ചതായി ഒമാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഇമ്രാൻ അലി ചൗധരി പറഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണം സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയിലാണ്​. അതേസമയം, മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ളതിന്‍റെയും ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെയും എല്ലാ ചെലവുകളും കമ്പനി ഏറ്റെടുക്കുമെന്ന് ഇന്‍റർനാഷണൽ മാർബിൾ കമ്പനി ജനറൽ മാനേജർ ഹുസൈൻ അൽ കൽബാനി പറഞ്ഞു.​

മാർച്ച 26ന്​ അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ്​ പ്രദേശത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്​. അപകടത്തിൽ ആറുപേരായിരുന്നു അന്ന്​ മരിച്ചതാ‍യി അറിഞ്ഞത്​. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ്​ ഏട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്​. അത്യാധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്താലായിരുന്നു​ തിരച്ചിൽ നടത്തിയിരുന്നത്​.

രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യഘട്ടത്തിൽ​ പാറ ഇടിഞ്ഞ്​ വീഴുന്നതിനാൽ തിരച്ചിലിന്​ നേരിയ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു. മൂന്ന്​ മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ്​ ആദ്യം ഇടിഞ്ഞുവീണ​ത്​. അപകടസമയത്ത്​ ഇന്ത്യക്കാരും പാകിസ്താനികളുമായ 50 തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്​.

Tags:    
News Summary - Ibri Quarry Accident: The process of transporting the body is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.